ആരെയും കാണാതെ അടച്ചിരുന്ന കാലം, മാസ്കിന് പിന്നിലെ ഭയം; കുഞ്ഞൻ വൈറസിൽ രാജ്യം സ്തംഭിച്ചിട്ട് 5 വർഷം

കോട്ടയം∙ ഒരു കുഞ്ഞൻ വൈറസ് ഇന്ത്യയെന്ന മഹാരാജ്യത്തെ നിശ്ചലമാക്കിയിട്ട് ഇന്ന് അഞ്ചു വർഷം തികഞ്ഞു. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചത് 2020 മാർച്ച് 24നാണ്. 21 ദിവസം അടച്ചിട്ടില്ലെങ്കിൽ രാജ്യം 21 വർഷം പുറകിലേക്കു പോകുമെന്നായിരുന്നു പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ. പക്ഷേ പിന്നീട് പല ഘട്ടങ്ങളിലായി മേയ് 31 വരെ ലോക്ഡൗൺ നീട്ടി. അതിനു ശേഷവും പല സംസ്ഥാനങ്ങളിലും പല സോണുകളിലായി അതു തുടർന്നു. ലോക്ഡൗൺ പ്രഖ്യാപന സമയത്ത് ഇന്ത്യയിൽ 500 പേരായിരുന്നു കോവിഡ് ബാധിതർ. പക്ഷേ ഏപ്രിൽ ആദ്യം തന്നെ അത് ആയിരങ്ങളിലേക്ക് ഉയർന്നതാണ് ലോക്ഡൗൺ നീളാൻ കാരണമായത്. ലോക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം അടച്ചുപൂട്ടി. വീടുകളിൽനിന്നു പുറത്തിറങ്ങാനോ മറ്റുള്ളവരെ കാണാനോ കഴിയാതെ ജനങ്ങൾക്ക് അടച്ചിരിക്കേണ്ടിവന്നു. മറ്റു നാടുകളിൽ ജോലി ചെയ്തിരുന്ന പലർക്കും സ്വന്തം നാട്ടിലേക്കു മടങ്ങാനായില്ല. രാജ്യമാകെ 1.20 കോടിയോളം അതിഥിത്തൊഴിലാളികൾക്കു ജോലി നഷ്ടപ്പെട്ടു. സ്വന്തം സംസ്ഥാനങ്ങളിലേക്ക് അവർ കാൽനടയായി നടത്തിയ കൂട്ടപ്പലായനത്തിനു രാജ്യം സാക്ഷിയായി. മാസ്കും സാനിറ്റൈസറും നിത്യജീവിതത്തിന്റെ ഭാഗമായി. കൊറോണയും കോവിഡും ലോക്ഡൗണുമൊക്കെ പരിചിതമായ വാക്കുകളായി. വീടുകൾ ഓഫിസും ക്ലാസ്മുറിയുമൊക്കെയായി. ക്ലാസുകൾ ഓൺലൈനായി. വർക്ക് ഫ്രം ഹോം ഇന്ത്യക്കാർക്കു ശീലമായി. ഓൺലൈൻ ക്ലാസുകൾക്കൊപ്പം എജ്യുക്കേഷൻ ആപ്പുകൾക്കും വലിയ പ്രചാരം ലഭിച്ചു. സ്മാർട് ഫോൺ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി. സിനിമ തിയറ്ററുകൾ അടഞ്ഞുകിടന്നപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളുടെ സമയം തെളിഞ്ഞു. അത് സിനിമാ വ്യവസായത്തിലുണ്ടാക്കിയ സ്വാധീനം വളരെവലുതായിരുന്നു. ലോക സിനിമയുടെ വിശാലമായ ലോകത്തേക്ക് സിനിമാപ്രേമികളെത്തി. നമ്മുടെ സിനിമയുടെ കണ്ടന്റും മേക്കിങ്ങും അടക്കമുള്ള ഘടകങ്ങളെ അതു സ്വാധീനിച്ചു.
Source link