വിവാഹം കഴിഞ്ഞ് രണ്ടാഴ്ച, കാമുകന്റെ സഹായത്തോടെ വാടകക്കൊലയാളിയെ ഏർപ്പാടാക്കി, ഭർത്താവിനെ വകവരുത്തി

ലക്നൗ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ദിലീപ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ പ്രഗതി യാദവ്, കാമുകൻ അനുരാഗ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം വാടകക്കൊലയാളിയും പിടിയിലായിട്ടുണ്ട്.
മാർച്ച് അഞ്ചിനായിരുന്നു യുവതിയുടെയും ദിലീപിന്റെയും വിവാഹം. മാർച്ച് 19 നാണ് ഇരുപത്തിയഞ്ചുകാരനായ ദിലീപിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചികിത്സയ്ക്കായി ബിധുനയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. എന്നാൽ ആരോഗ്യനില വഷളായതിനെത്തുടർന്ന് സൈഫായ് ആശുപത്രിയിലേക്കും പിന്നീട് മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലേക്കും കൊണ്ടുപോയി. മാർച്ച് ഇരുപത്തിയൊന്നിന് ദിലീപ് മരിച്ചു.ദിലീപിന്റെ സഹോദരന്റെ പരാതിയിലാണ് യുവതിയും കാമുകനും പിടിയിലായത്. ഇരുവരും തമ്മിൽ കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലാണ്. ബന്ധം എതിർത്ത വീട്ടുകാർ നിർബന്ധപൂർവം ദിലീപിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.വിവാഹശേഷം പരസ്‌പരം കാണാൻ സാധിക്കാതെ വന്നു. അതിനാലാണ് ദിലീപിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. രണ്ടുപേരും കൂടി റാംജി ചൗധരി എന്ന വാടകക്കൊലയാളിയെ രണ്ട് ലക്ഷം രൂപ നൽകി ഏർപ്പാടാക്കി.റാംജിയും സഹായികളും ചേർന്ന് ദിലീപിനെ വയലിലേക്ക് കൊണ്ടുപോയി തുടർന്ന് മർദ്ദിക്കുകയും വെടിവയ്ക്കുകയും ചെയ്തു. ഉടൻ തന്നെ അവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരിൽ നിന്ന് തോക്ക് അടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ട്.
Source link