പകരച്ചുങ്കത്തിൽ മയപ്പെട്ട് ട്രംപ്; സ്വർണവില ഇന്നും വീണു, 5 ദിവസത്തിനിടെ ‘1,000’ താഴേക്ക്, ആഭരണപ്രിയർക്ക് ‘സുവർണാവസരം’

രാജ്യാന്തരവിലയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നും സ്വർണവില താഴ്ന്നു. ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 8,185 രൂപയും പവന് 240 രൂപ താഴ്ന്ന് 65,480 രൂപയുമായി. ഇതോടെ കഴിഞ്ഞ 5 ദിവസത്തിനിടെ പവന് ആകെ കുറഞ്ഞത് 1,000 രൂപയായി; ഗ്രാമിന് 125 രൂപയും. ഈ മാസം 20ന് കുറിച്ച പവന് 66,480 രൂപയും ഗ്രാമിന് 8,310 രൂപയുമാണ് കേരളത്തിലെ (Kerala Gold Price) സർവകാല റെക്കോർഡ്. രാജ്യാന്തരവില കഴിഞ്ഞവാരം ഔൺസിന് 3,058 ഡോളർ എന്ന എക്കാലത്തെയും ഉയരംതൊട്ടെങ്കിലും ലാഭമെടുപ്പ് സമ്മർദ്ദത്തെ തുടർന്ന് പിന്നീട് 3,003 ഡോളറിലേക്ക് വീണത് കേരളത്തിലും വില കുറയാൻ സഹായിക്കുകയായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായ 10-ാം ദിവസവും നേട്ടത്തിൽ വ്യാപാരം ആരംഭിച്ചതും സ്വർണവില കുറയാൻ ഇടവരുത്തി.വിവിധ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്താൻ തീരുമാനിച്ച പകരത്തിനുപകരം തീരുവയിൽ (പകരച്ചുങ്കം/reciprocal tariff) യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് മയപ്പെടുത്തിയത് ഇന്നു സ്വർണവില കൂടുതൽ താഴാൻ വഴിയൊരുക്കി. കൂടുതൽ പരിശോധിച്ചശേഷമേ പകരച്ചുങ്കം ഏർപ്പെടുത്തൂ എന്നാണ് പുതു നിലപാട്. മാത്രമല്ല, പല രാജ്യങ്ങൾക്കുംമേൽ 100-200% തീരുവ ഏർപ്പെടുത്തുന്നതിനു പകരം 25 ശതമാനമേ ഈടാക്കുന്നുള്ളൂ എന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായവും രാജ്യാന്തര വ്യാപാര, വാണിജ്യരംഗത്ത് താൽകാലിക ആശ്വാസത്തിന് വഴിവച്ചു.
Source link