ഭക്ഷണത്തിൽ ഉറക്കഗുളിക, മയങ്ങിയതോടെ യുവാവിന്റെ കഴുത്തറത്തു; ഭാര്യയും ഭാര്യാ മാതാവും അറസ്റ്റിൽ

ബെംഗളൂരു∙ 37 കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ മരണത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും പിടികൂടി ബെംഗളൂരു പൊലീസ്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് ലോക്നാഥ് സിങിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ലോക്നാഥ് സിങിന്റെ ഭാര്യ യശസ്വിനി (17), ഭാര്യാ മാതാവ് ഹേമാ ഭായി (37) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ശനിയാഴ്ച കർണാടകയിലെ ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാണപ്പെട്ട കാറിൽ നിന്നാണ് ലോക്നാഥ് സിങ്ങിന്റെ മൃതദേഹം ലഭിച്ചത്. പ്രദേശവാസികളാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചതെന്ന് നോർത്ത് ബെംഗളൂരു ഡിസിപി സൈദുൽ അദാവത് പറഞ്ഞു. ഭക്ഷണത്തിൽ ഉറക്കഗുളികകൾ ചേർത്ത് ലോക്നാഥിനെ പ്രതികൾ മയക്കികിടത്തി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു. ലോക്നാഥിനുണ്ടായിരുന്ന വിവാഹേതര ബന്ധങ്ങള്‍ ഭാര്യയും ഭാര്യാമാതാവും കണ്ടെത്തിയിരുന്നു.വിവാഹത്തിനു പിന്നാലെ ഭാര്യയെ ലോക്നാഥ് അവരുടെ മാതാപിതാക്കളുടെ വീട്ടിലാക്കിയിരുന്നു. വിവാഹേതര ബന്ധത്തെ ചൊല്ലി ദമ്പതികൾ നിരന്തരം വഴക്കിടുകയും വിവാഹമോചനം നേടാൻ ലോക്നാഥ് ആലോചിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഇതിനിടെ ലോക്നാഥ് ഭാര്യയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി. ഇതോടെയാണ് ഭാര്യയും അമ്മയും ലോക്നാഥിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.
Source link