പൃഥ്വിരാജ് : മലയാള സിനിമയുടെ അംബാസിഡര്‍

സ്വപ്നങ്ങളേക്കാള്‍ ഉയരത്തില്‍ സ്വപ്നം കാണുകയും അത് യാഥാർഥ്യമാക്കാന്‍ അതിതീവ്രമായി ശ്രമിക്കുന്നവരാണ് യഥാർഥ വിജയികളെന്ന് ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്‌റ്റോട്ടില്‍ പറഞ്ഞിട്ടുണ്ട്. മലയാളത്തില്‍ അത്തരം സ്വപ്നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കുന്നവര്‍ വിരളമാണ്. സ്റ്റീരിയോടൈപ്പ് പടങ്ങളിലൂടെ സേഫ് ഗെയിം കളിക്കാനാണ് പല താരങ്ങള്‍ക്കും ഇഷ്ടം. വല്ലപ്പോഴും ഒരിക്കല്‍ വഴി മാറി നടത്തത്തിന് ശ്രമിക്കാറുണ്ട് അപൂര്‍വം ചിലര്‍.എന്നാല്‍ പഴയവഴികള്‍ പാടെ അടച്ച് പുതിയ വഴി വെട്ടിത്തുറക്കണമെന്ന ദിശാബോധം നമുക്ക് നഷ്ടപ്പെട്ട അന്നു മുതല്‍ നമ്മുടെ സിനിമകള്‍ പരാജയ കണക്കുകള്‍ പറഞ്ഞു തുടങ്ങി. ചര്‍വിതചര്‍വണം ചെയ്യപ്പെട്ട പ്രമേയങ്ങളും ക്ലീഷേ എന്ന വാക്കിന് പോലും അപമാനമാംവിധം ക്ലീഷേകള്‍ കുത്തിനിറച്ച ആഖ്യാനരീതികള്‍ക്കുമപ്പുറം സിനിമ എന്ന മാധ്യമത്തിന്റെ വിശാലസാധ്യതകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. അബദ്ധങ്ങളില്‍ നിന്ന് പാഠം പഠിക്കാനും ഇവര്‍ക്ക് താത്പര്യമില്ല. ലോകസിനിമയിലെ പുതിയ മാറ്റങ്ങള്‍ അറിയാത്ത ഇവര്‍ തങ്ങള്‍ ചിന്തിക്കുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രമാണ് ശരിയെന്ന് ധരിക്കുന്നു. ഈ ജനുസില്‍ നിന്ന് അപ്പാടെ വേറിട്ട് നില്‍ക്കുന്നു പൃഥ്വിരാജ് എന്ന ആക്ടര്‍-പ്രൊഡ്യൂസര്‍-ഡയറക്ടര്‍.2006ല്‍ അതായത് 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ 23-ാം വയസ്സില്‍ അനുവദിച്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ‘എന്റെ ഏറ്റവും വലിയ സ്വപ്നം എന്ന് പറയുന്നത് മലയാള സിനിമയുടെ അംബാസിഡര്‍ഷിപ്പാണ്. ഞാന്‍ കാരണം മലയാള സിനിമ നാലു പേര്‍ കൂടുതലറിഞ്ഞാല്‍ അതാണ് എന്റെ ഏറ്റവും വലിയ നേട്ടം. എനിക്ക് തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം അഭിനയിക്കണം. അവിടത്തെ ഒരു വലിയ താരത്തിന്റെ പടം റിലീസ് ചെയ്യുന്ന ദിവസം എതിരെ നമ്മുടെ ഒരു പടവും റിലീസ് ചെയ്യാന്‍ പാകത്തില്‍ അവിടങ്ങളിലൊക്കെ നമുക്ക് സ്വീകാര്യതയുണ്ടാവണം.’
Source link