ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ വീട്ടമ്മയുടെ 10 പവൻ കവർന്ന പ്രധാനി പിടിയിൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് വന്ന ഭക്തയുടെ 10 പവന്റെ മാല കവർന്ന കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. മോഷണത്തിന്റെ സൂത്രാധാരൻ തമിഴ്നാട് സ്വദേശി ഇളയരാജയെയാണ് (46) തമിഴ്നാട് – പാലക്കാട് പൊള്ളാച്ചിയിലെ കസബ പൊലീസ് സ്റ്രേഷൻ പരിസരത്തു നിന്ന് ഞായറാഴ്ച ഉച്ചയോടെ വഞ്ചിയൂർ പൊലീസ് പിടികൂടിയത്. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച ഡസ്റ്റർ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളുടെ ഭാര്യ മാതുവും കാർ ഡ്രൈവറുമുൾപ്പെടെ നാലംഗസംഘം ഇനി പിടിയിലാകാനുണ്ട്.
പൊങ്കാല ദിവസം കാറിലെത്തിയ സംഘം ലുലുമാളിനടുത്ത് കാർ പാർക്ക് ചെയ്ത ശേഷം ഇളയരാജയുടെ നിർദ്ദേശപ്രകാരം ബസിലും ഓട്ടോയിലുമായി കിഴക്കേകോട്ടയിലെത്തുകയായിരുന്നു.ഉച്ചയ്ക്ക് 1.30ഓടെ വിവിധ ഗ്രൂപ്പുകളായെത്തി ബസിൽ കയറി മോഷണം നടത്തി. പിന്നീട് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഇളയരാജയുടെ പേരിൽ പൊള്ളാച്ചിയിലും എറണാകുളം ചോറ്റാനിക്കര സ്റ്റേഷനിലും സമാനമായ ഒട്ടേറെ മോഷണക്കേസുകളുണ്ട്. ശംഖുംമുഖം എ.സി അനുരൂപിന്റെ നിർദ്ദേശപ്രകാരം വഞ്ചിയൂർ എസ്.എച്ച്.ഒ ഷാനിഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലക്സ്,ജോസ്,എസ്.സി.പി.ഒമാരായ ടിനു ബർണാഡ്,ഷാബു,സി.പി.ഒ സുബിൻ പ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് മാല കണ്ടെടുത്തിട്ടില്ല. മറ്റ് പ്രതികൾക്കായി പൊലീസ് വലവിരിച്ചിട്ടുണ്ട്.
Source link