സപ്ലൈകോ റംസാൻ ഫെയറുകൾ 30 വരെ; വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 10 മുതൽ

കൊച്ചി: സപ്ളൈകോ റംസാൻ ഫെയറുകൾ മാർച്ച് 30 വരെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. തിരുവനന്തപുരത്ത് 25നും മറ്റു ജില്ലകളിൽ 26നുമാണ് റംസാൻ ഫെയർ ആരംഭിക്കുക. വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 10 മുതൽ 19 വരെയും സംഘടിപ്പിക്കും.
റംസാൻ – വിഷു – ഈസ്റ്റർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ ഇന്ന് രാവിലെ 10.30ന് നിർവഹിക്കും.
എല്ലാ ജില്ലകളിലെയും പ്രധാന സപ്ലൈകോ വില്പനശാലയാണ് റംസാൻ ഫെയറാക്കി മാറ്റുക. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേക റംസാൻ ഫെയറുകൾ സംഘടിപ്പിക്കും. കൊല്ലം ചിന്നക്കട സപ്ലൈകോ സൂപ്പർമാർക്കറ്റ്, കോട്ടയം ഹൈപ്പർ മാർക്കറ്റ്, ഇടുക്കി നെടുങ്കണ്ടം സൂപ്പർ മാർക്കറ്റ്, പത്തനംതിട്ട പീപ്പിൾസ് ബസാർ, തൃപ്പൂണിത്തുറ ലാഭം സൂപ്പർ മാർക്കറ്റ്, ആലപ്പുഴ പീപ്പിൾസ് ബസാർ, പാലക്കാട് പീപ്പിൾസ് ബസാർ, തൃശൂർ പീപ്പിൾസ് ബസാർ എന്നിവിടങ്ങളിലും റംസാൻ ഫെയറുകളുണ്ടാകും. കാസർകോട്, കണ്ണൂർ പീപ്പിൾസ് ബസാറുകൾ, കൽപ്പറ്റ സൂപ്പർ മാർക്കറ്റ് എന്നിവയും റംസാൻ ഫെയറുകളായി മാറും.
പതിമൂന്നിന സബ്സിഡി സാധനങ്ങൾക്ക് പുറമേ, 40 ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും ഫെയറിൽ ലഭിക്കും. ശബരി ഉത്പന്നങ്ങൾക്കും 30 വരെ വിലക്കുറവ് നൽകുമെന്ന് സപ്ളൈകോ അറിയിച്ചു.
Source link