മകന്റെ പരാതിയിൽ മാതാവ് തട്ടിപ്പ് കേസിൽ അറസ്റ്റിലായി

ചെറുതോണി: സൈനികനായ മകന്റെ പരാതിയിൽ മാതാവിനെ തട്ടിപ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസിനെയാണ് (53) പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണ്ണം മോഷ്ടിച്ചതും നാട്ടിൽ നടത്തിയ മറ്റ് സാമ്പത്തിക തട്ടിപ്പും ചൂണ്ടിക്കാണിച്ച് സൈനികനായ മകൻ അഭിജിത്ത് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയും (49) അറസ്റ്റിലായി. ബിൻസിയുടെ മകൾ മീരയുടെ പത്ത് പവൻ സ്വർണവും മകന്റെ ഭാര്യ സന്ധ്യയുടെ 14 പവനും മോഷ്ടിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി ബിൻസി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി. കൂടാതെ തങ്കമണി, കാമാക്ഷി മേഖലകളിലെ വിവിധ സ്വയംസഹായ സംഘങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പലരുടെ പേരിൽ ലക്ഷങ്ങൾ വായ്പയായി കൈക്കലാക്കുകയും ചെയ്തു. മകന്റെ ഭാര്യയെ ചായയിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്താനും ഇവർ ശ്രമിച്ചിരുന്നതായി പരാതിയുണ്ട്. ഇതിന് ബിൻസിയെ സഹായിച്ചത് സുഹൃത്തായിരുന്നു. മൊബൈൽ ചാറ്റിംഗിൽ സുഹൃത്ത് ഇക്കാര്യം ബിൻസിയോട് നിർദ്ദേശിക്കുന്നതിന്റെ ഡിജിറ്റൽ തെളിവുകളും ലഭ്യമായിട്ടുണ്ട്. തട്ടിയെടുത്ത പണം ആഭിചാരക്രിയകൾക്കായി ഉപയോഗിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ വീട്ടിൽ നിന്ന് വിവിധ മത ചിഹ്നങ്ങളടങ്ങിയ തകിടും മറ്റും പൊലീസ് കണ്ടെടുത്തു. ഒളിവിൽ പോയ ബിൻസി മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയുടെ വീട്ടിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച വണ്ടിപ്പെരിയാറിലുള്ള മന്ത്രവാദിയുടെ അടുത്തെത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് തങ്കമണി പൊലീസ് ഇൻസ്‌പെക്ടർ എം.പി. എബിയും സംഘവും തന്ത്രപരമായി നടത്തിയ നീക്കത്തിനൊടുവിലാണ് ബിൻസിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചെങ്കിലും പണം എങ്ങനെ ചെലവഴിച്ചെന്ന് പൂർണ്ണമായും വെളിപ്പെടുത്തിയില്ല. കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്‌തെങ്കിലേ കൂടുതൽ വ്യക്തത വരുത്താൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. എസ്.സി.പി.ഒ സുനിൽകുമാർ, സി.പി.ഒമാരായ പി. പ്രിനീത, ജിതിൻ എബ്രഹാം തുടങ്ങിയവരടങ്ങിയ പൊലീസ് സംഘമാണ് ബിൻസിയെ അറസ്റ്റ് ചെയ്തത്.
Source link