11 വർഷം മുൻപ് കാണാതായി, മെയിൽ ഐഡി ട്രാക്ക് ചെയ്‌തപ്പോൾ കേരളത്തിൽ; ധരിണിയെ തേടി തമിഴ്നാട് പൊലീസ് പത്തനംതിട്ടയിൽ

പത്തനംതിട്ട∙ 11 വർഷം മുൻപ് കാണാതായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് പത്തനംതിട്ടയിൽ. കരുമത്താംപട്ടി സ്വദേശി ധരിണിയെ(38) കാണാതായ കേസിലാണ് തമിഴ്നാട് സിഐഡി വിഭാഗം അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം പത്തനംതിട്ടയിലെത്തിയത്. 2014 സെപ്റ്റംബർ 17 ന് കരുമത്താംപട്ടിയിലെ വീട്ടിൽ നിന്നാണ് ധരിണിയെ കാണാതായത്.2015 ഫെബ്രുവരി 27ന് ധരിണി ചെങ്ങന്നൂരിൽ നിന്നു പത്തനംതിട്ട സ്റ്റേഡിയം വരെ യാത്ര ചെയ്തിരുന്നതായി സിഐഡി വിഭാഗം കണ്ടെത്തിയിരുന്നു. കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദമുള്ള ധരിണി നിരവധി മെയിൽ ഐഡികൾ ഉപയോഗിച്ചിരുന്നു. ഈ മെയിൽ ഐഡികളിൽ ഒന്ന് ട്രാക്ക് ചെയ്തപ്പോഴാണ് യുവതി കേരളത്തിലുണ്ടെന്ന് അറിഞ്ഞത്. എന്നാൽ പത്തനംതിട്ടയിൽ എത്തിയതിനു ശേഷം ഈ മെയിൽ ഐഡി പ്രവർത്തനക്ഷമമായിട്ടില്ല. യുവതി സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐഡി വിഭാഗം പത്തനംതിട്ടയിലെത്തിയത്. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന യുവതി, ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. സ്കൂളുകളിലോ കോളജിലോ ട്യൂഷൻ സെന്ററുകളിലോ യുവതി ജോലി ചെയ്യാൻ സാധ്യതയുള്ളതായി പൊലീസ് കരുതുന്നുണ്ട്. യുവതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം അറിയിച്ചു.
Source link