യുവത്വത്തെ ടൂറിസത്തിൽ പ്രയോജനപ്പെടുത്തണം: മന്ത്രി റിയാസ്

തിരുവനന്തപുരം: യുവത്വത്തിന്റെ കഴിവുകൾ ടൂറിസത്തിൽ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കിറ്റ്സും (കേരള ഇൻസ്റ്റിട്യൂട്ട് ഒഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ്) ടൂറിസം വകുപ്പും കേരള ടൂറിസം ക്ലബും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാലയും നേതൃതല സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കളുടെ കഴിവ് പ്രയോജനപ്പെടുത്താനുള്ള അവരസമൊരുക്കുകയാണ് ടൂറിസം ക്ലബിലൂടെ നിർവഹിക്കുന്നത്. ഹൈറേഞ്ച് ടൂറിസവുമായി ബന്ധപ്പെടുത്തി ട്രെക്കിംഗ്, ഹൈക്കിംഗ് പോയിന്റുകളുടെ മാപ്പ് തയ്യാറാക്കാൻ ആലോചിക്കുന്നുണ്ട്. പ്രധാന ഡെസ്റ്റിനേഷനുകളിൽ ഈ മാസം ശുചീകരണ യജ്ഞം സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലഹരിയുപയോഗം അടക്കമുള്ളവയിൽ നിന്ന് വിദ്യാർത്ഥികളുടെ ശ്രദ്ധതിരിക്കാൻ ടൂറിസം ക്ലബിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. ടൂറിസം സ്റ്റാർട്ടപ്പുകളുടെ അവസരങ്ങളും തൊഴിൽ സാധ്യതകളും എന്ന സെഷനിൽ കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ അനൂപ് അംബിക സംസാരിച്ചു.
ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകൾ മനസിലാക്കാനും തൊഴിലവസരം പ്രയോജനപ്പെടുത്താനും ചെറുപ്പക്കാർക്ക് സാധിക്കണമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സി.ഇ.ഒ രൂപേഷ് കുമാർ കെ. പറഞ്ഞു. ടൂറിസത്തിലെ കരിയർ സാധ്യതകളെക്കുറിച്ച് കിറ്റ്സ് അസി. പ്രൊഫ. ബാബു രംഗരാജ് സംസാരിച്ചു. കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ. സജീഷ്, കിറ്റ്സ് ഡയറക്ടർ ദിലീപ് എം.ആർ, പ്രിൻസിപ്പൽ ഡോ. ബി. രാജേന്ദ്രൻ, കേരള ടൂറിസം ക്ലബ് സംസ്ഥാന കോ-ഓർഡിനേറ്റർ സച്ചിൻ പി തുടങ്ങിയവർ പങ്കെടുത്തു.
Source link