എഐയിൽ കരടുനയം രൂപീകരിക്കാൻ സർക്കാർ, തലസ്ഥാനത്ത് എമേർജിങ് ടെക്നോളജി ഹബ്ബ്

തിരുവനന്തപുരം∙ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്’–ൽ സംസ്ഥാന സർക്കാർ കരടു നയം രൂപീകരിച്ചു വരികയാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ. എഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ നിര്‍മാണം, വിവരസഞ്ചയ നിര്‍മാണം, ഇന്നൊവേഷന്‍ സെന്‍ററുകള്‍, നൈപുണ്യ വികസനം, എഐ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിന്തുണ എന്നിവ കരടു നയത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. സര്‍വകലാശാലകളില്‍ എഐ അധിഷ്ഠിത പരിശീലന പരിപാടികൾ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍ഗ്രീഡിയന്‍സ് ഡേറ്റ സയന്‍സ് (Artificial Ingredients Data Science) പോലുള്ള നൂതന കോഴ്സുകളും പരിഗണനയിലുണ്ട്. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും ഐസിഫോസും പുതുതലമുറ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘ബജറ്റിൽ എഐ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സർക്കാർ പ്രധാന്യം നൽകിയിട്ടുണ്ട്. അതിന്‍റെ ഭാഗമായി ഒരു ഡീപ് ടെക് ഇക്കോസിസ്റ്റം രൂപപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. എഐ, മെഷീന്‍ ലേര്‍ണിങ്, അനിമേഷന്‍, വിഷ്വല്‍ എഫക്ട്, ഗെയ്മിങ്, കോമിക്സ് എന്നീ മേഖലകളിലുള്ള ഡീപ് ടെക് സംരംഭകര്‍ക്ക് വേണ്ടി ഒരു ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് ക്ലസ്റ്റര്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ട്. 10 കോടി രൂപയാണ് ഇതിന്റെ ഭാഗമായി സർക്കാർ സ്റ്റാർട്ടപ്പ് മിഷന് അനുവദിച്ചിരിക്കുന്നത്.’’– മുഖ്യമന്ത്രി പറഞ്ഞു.
Source link