വ്യാപാര കരാർ ചർച്ചകൾക്ക് യുഎസ് സംഘം ഇന്നെത്തും

ന്യൂഡൽഹി ∙ ഇന്ത്യ–യുഎസ് വ്യാപാര കരാറിനുള്ള ചർച്ചകൾ തുടങ്ങുന്നതിനായി യുഎസ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച് ഇന്ന് ഡൽഹിയിലെത്തും. 5 ദിവസം സംഘം ഇന്ത്യയിലുണ്ടാകും. കരാറിന്റെ പ്രാഥമിക രൂപരേഖ ഈ ആഴ്ച തന്നെ തയാറാകുമെന്നാണു സൂചന. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘പകരത്തിനു പകരം’ ചുങ്കം ഏപ്രിൽ 2 ന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് നിർണായകമായ വ്യാപാരകരാർ ചർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിവർഷ വ്യാപാരം 50,000 കോടി ഡോളറാക്കി വർധിപ്പിക്കാൻ ധാരണയായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 11,971 കോടി ഡോളറിന്റേതായിരുന്നു.വ്യാപാരത്തിന് തടസ്സമാകുന്ന തീരുവകളും മറ്റ് നിയന്ത്രണങ്ങളും പരമാവധി കുറയ്ക്കാനും ശ്രമിക്കും. യുഎസിന്റെ വ്യാപാരയുദ്ധത്തിൽ ഇന്ത്യയ്ക്കുണ്ടാക്കുന്ന ആഘാതം കുറയ്ക്കാനുള്ള ചർച്ചകളും നടന്നേക്കും. വാണിജ്യകാര്യ മന്ത്രി പീയൂഷ് ഗോയലും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും യുഎസ് തീരുവ വിഷയം ചർച്ച ചെയ്യാനായി ഇന്നലെ പ്രധാനമന്ത്രി മോദിയെ കണ്ടു.
Source link