ഒന്നര കി.മീ ചേസിങ്, റോഡിനു കുറുകെ വെട്ടിത്തിരിച്ച് നിർത്തി; ഇടയിൽപെട്ട് യുവതി, കാറിൽനിന്ന് വലിച്ചിറക്കി അടി– വിഡിയോ

കൊച്ചി∙ ലഹരിക്കടിമകളായവരെ പേടിച്ച് പകലുപോലും വഴിനടക്കാനോ വാഹനമോടിക്കാനോ സാധിക്കാത്ത അവസ്ഥയില്‍ കേരളത്തിന്റെ വാണിജ്യതലസ്ഥാനം. കടവന്ത്രയിൽ ഇന്നലെ മദ്യലഹരിയിൽ ചേസിങ് നടത്തി ബൈക്കിനെ ഇടിപ്പിക്കാൻ ശ്രമിച്ച കാർ ഇടിച്ചു കയറി ഗോവൻ സ്വദേശിയായ യുവതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആദ്യം ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയ ആവശ്യമായതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ഓൾഡ് ഗോവ സ്വദേശി എസ്തേവാം ഫെറോവും ഭാര്യ ജയ്സെൽ ഗോമസും സെന്റ് അൽഫോൻസ പള്ളി സന്ദർശിച്ചതിനുശേഷം കടവന്ത്ര മെട്രോ സ്റ്റേഷനു സമീപം താമസിക്കുന്ന ഹോട്ടലിലേക്കു നടന്നു പോകുന്നതിനിടെയാണ് കാർ വന്നിടിക്കുന്നത്. റോഡിനു വശത്തൂടെ നടന്നുവരുന്ന ജയ്സെല്‍ ഇടിയിൽ മറുവശത്തേക്കു മറിഞ്ഞുവീഴുന്നതു ദൃശ്യങ്ങളിൽ കാണാം. ഇന്നലെ രാത്രി ഗോവയിലേക്കു മടങ്ങിപ്പോകാനിരിക്കെയായിരുന്നു അപകടം. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന ചാലക്കുടി സ്വദേശിയായ യാസിറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ∙ കാരണമായത് ചെറിയ പ്രകോപനം എംജി റോഡിൽനിന്ന് സഹോദരൻ അയ്യപ്പൻ റോഡിലേക്കു തിരിയുന്ന പള്ളിമുക്ക് ജംക്‌ഷനിലെ ട്രാഫിക് സിഗ്നലിന്റെ ഭാഗത്ത് ബൈക്ക് യാത്രികൻ സൈഡ് നൽകിയില്ല എന്നതായിരുന്നു യാസിറിന്റെ പ്രകോപനം. ഇതോടെ പള്ളിമുക്ക് മുതൽ കടവന്ത്ര മെട്രോ സ്റ്റേഷൻ വരെയുള്ള ഒന്നര കിലോമീറ്റർ വരുന്ന റോഡിലൂടെ ബൈക്കിനെ അതിവേഗത്തിൽ പിന്തുടരാനാരംഭിച്ചു. കനത്ത തിരക്കുള്ള റോഡാണിത്. എസ്എ റോഡ് പാലമിറങ്ങി അതിവേഗത്തിൽ മെട്രോ സ്റ്റേഷനു സമീപമുള്ള പാലത്തിൽ എത്തുന്നതിനു തൊട്ടുമുമ്പായി യാസിർ കാർ ഇടത്തേക്കു വെട്ടിച്ച് ബൈക്കിനെ ഇടിപ്പിക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയോടു ചേർന്ന് ഇടിച്ചു നിൽക്കുകയായിരുന്നു. ഇതിനിടയിൽ ജെയ്സലും പെട്ടു.
Source link