കേരളകൗമുദി കോൺക്ലേവിൽ സി.വി. ആനന്ദബോസ്, അമ്മമാരെ മറക്കുന്നതല്ല വനിതാ ശാക്തീകരണം

കൊച്ചി: അമ്മമാരെ വൃദ്ധസദനത്തിൽ തള്ളുന്ന കാലഘട്ടത്തിൽ വനിതാശാക്തീകരണത്തിന് പ്രസക്തിയേറുകയാണെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്. എത്രയൊക്കെ അറിവുകൾ നേടിയാലും അമ്മ പഠിപ്പിച്ചതിനോളം വരില്ലെന്ന് ഒടുവിൽ തിരിച്ചറിയും. സ്‌നേഹവും സുരക്ഷയും ത്യാഗവും അനുഭവിച്ചറിയുന്ന ഈ പാഠങ്ങൾ പഠിച്ചു വളർന്നവരുടെ നാടായതുകൊണ്ടാണ് ഇന്ത്യയെ ലോകരാജ്യങ്ങൾ ആദരിക്കുന്നത്.
കേരളകൗമുദിയുടെ 114ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി യൂണിറ്റ് സംഘടിപ്പിച്ച ‘പവർ ഒഫ് വുമൺ എഡിഷൻ 2’ കോൺക്ലേവ് ഉദ്ഘാടനവും ‘അമേസിംഗ് വിമൺ 114’ പുസ്തകപ്രകാശനവും പാലാരിവട്ടം ഹോട്ടൽ റിനൈയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹവാത്സല്യത്തിലൂടെ അമൂല്യ ജീവിതപാഠങ്ങൾ പകർന്നു നൽകിയ അമ്മമാരുടെ മക്കൾക്ക് രാജ്യത്തെയല്ല, ലോകത്തെ നയിക്കാനാവും. പല രാജ്യങ്ങളും ഭരിക്കുന്നത് ഇന്ത്യൻ വംശജരാണ്. ‘അമ്മയല്ലാതൊരു ദൈവമുണ്ടോ, അതിലും വലിയൊരു കോവിലുണ്ടോ..’ എന്നു പാടിപ്പഠിച്ച സമൂഹം മാറിച്ചിന്തിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സി.വി.ആനന്ദബോസ്, ജസ്റ്റിസ് മേരി ജോസഫ്, സൺറൈസ് ഹോസ്പിറ്റൽസ് എം.ഡി പർവീൺ ഹഫീസ്, വി.എസ്. രാജേഷ്, വി സ്റ്റാർ ക്രിയേഷൻസ് എം.ഡിയും വനിതാകൂട്ടായ്മയായ വെന്നിന്റെ ഫൗണ്ടർ പ്രസിഡന്റുമായ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറിയും സ്‌പൈസസ് ബോർഡ് നിയുക്ത ചെയർപേഴ്‌സണുമായ അഡ്വ. സംഗീത വിശ്വനാഥൻ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. ‘അമേസിംഗ് വിമൺ 114’ പുസ്തകം ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് നൽകി ഡോ.ആനന്ദബോസ് പ്രകാശനം ചെയ്തു.
ഏറ്റവും മികച്ച കളക്ടർക്കുള്ള സംസ്ഥാന അവാർഡ് നേടിയ എൻ.എസ്.കെ. ഉമേഷിന് കേരളകൗമുദിയുടെ ഉപഹാരം ബംഗാൾ ഗവർണറും, ഗവർണർക്കുള്ള കേരളകൗമുദിയുടെ ഉപഹാരം പ്രഭു വാര്യരും സമ്മാനിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള പുരസ്‌കാരങ്ങൾ ആനന്ദബോസ് വിതരണം ചെയ്തു. ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സംഗീത വിശ്വനാഥൻ, ജസ്റ്റിസ് മേരി ജോസഫ്, പർവീൺ ഹഫീസ് എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി സീനിയർ റിപ്പോർട്ടർ അരുൺ പ്രസന്നൻ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.
പുരസ്കാര ജേതാക്കൾക്ക്
10,000 രൂപവീതം
ഗവർണറുടെ ഉപഹാരം
കേരളകൗമുദി ആദരിച്ച വനിതകളുടെ സാമൂഹിക സേവനങ്ങൾ പരിഗണിച്ച് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് 10,000 രൂപവീതം നൽകി. പുരോഗമനപരമായ ആശയങ്ങൾ നടപ്പാക്കുന്നവർക്ക് പ്രോത്സാഹനമായി നൽകുന്ന ഈ ഉപഹാരം സമൂഹത്തിനാകെ പ്രചോദനമാകുമെന്നു പ്രതീക്ഷിക്കുന്നതായി ഗവർണറുടെ എ.ഡി.സി നിഖിൽകുമാർ പറഞ്ഞു.
Source link