സൂരജ് വധക്കേസ്- ടി.കെ.രജീഷ് ഉൾപ്പെടെ 8 പ്രതികൾക്ക് ജീവപര്യന്തം

കണ്ണൂർ: മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന കേസിൽ എട്ട് സി.പി.എമ്മുകാർക്ക് ജീവപര്യന്തം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ടി.പി കേസ് പ്രതി ടി.കെ.രജീഷ് ഉൾപ്പെടെയുള്ളവർക്കാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദ് ശിക്ഷ വിധിച്ചത്. ഇവർ അമ്പതിനായിരം രൂപ വീതം പിഴയും ഒടുക്കണം. പതിനൊന്നാം പ്രതി രാധാകൃഷ്ണന് മൂന്നുവർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
എൻ.വി.യോഗേഷ്, കെ.ഷംജിത്ത്, സജീവൻ, സി.പി.എം മുഴപ്പിലങ്ങാട് മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പ്രഭാകരൻ, ലോക്കൽ കമ്മിറ്റിയംഗം കെ.വി.പദ്മനാഭൻ, പ്രദീപൻ എന്നിവരാണ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ. പ്രഭാകരൻ, പദ്മനാഭൻ എന്നിവർക്കെതിരെ ഗൂഢാലോചന കുറ്റം തെളിഞ്ഞു. പത്താംപ്രതി നാഗത്താൻ കോട്ട പ്രകാശനെ കോടതി വെറുതെ വിട്ടിരുന്നു.
ഒന്നാംപ്രതി മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനി പള്ളിക്കൽ ഹൗസിൽ പി.കെ.ഷംസുദ്ദീൻ, 12ാം പ്രതി മക്രേരി കിലാലൂരിലെ ടി.പി.രവീന്ദ്രൻ എന്നിവർ വിചാരണവേളയിൽ മരിച്ചു. ഷംസുദ്ദീനെ ഒളിവിൽ പാർപ്പിച്ചതിനാണ് പതിനൊന്നാം പ്രതിയെ ശിക്ഷിച്ചത്. ടി.കെ.രജീഷ്, മനോരാജ്, യോഗേഷ്, ഷംജിത്, സജീവൻ എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവർ. ആയുധം കൈവശം വയ്ക്കൽ, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളിലും ശിക്ഷയുണ്ട്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നതിനാണ് 2005 ആഗസ്റ്റ് ഏഴിന് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്.2012ൽ ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ അറസ്റ്റിലായ ടി.കെ.രജീഷ് നൽകിയ കുറ്റസമ്മതമൊഴി പ്രകാരമാണ് ഇയാളേയും മനോരാജിനേയും കേസിൽ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകിയത്.ബി.ജെ.പിയിൽ
ചേർന്നതിൽ പ്രതികാരം
സൂരജ് സി.പി.എം വിട്ടതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലപാതകത്തിന് ആറുമാസം മുമ്പും സൂരജിനെ വധിക്കാൻ ശ്രമിച്ചിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന സൂരജിനെ ഓട്ടംവിളിച്ച് കൊണ്ടുപോയി കാലുകളിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൂരജിന് കാലിന് സ്വാധീനക്കുറവുമുണ്ടായി. പിന്നീട് ജോലി സംബന്ധമായി ബംഗളൂരുവിലായിരുന്ന സൂരജ് മടങ്ങിയെത്തി തൊട്ടടുത്ത ദിവസമാണ് കൊലപാതകത്തിനിരയായത്. വീടിന് സമീപത്തെ ബൂത്തിൽനിന്ന് പാൽ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കൊലപാതകം. സൂരജിന്റെ ശവകുടീരത്തിലും രണ്ടുതവണ ആക്രമണമുണ്ടായി.
”കോടതി വിധിയിൽ സംതൃപ്തിയുണ്ട്. പത്താംപ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകും
-അഡ്വ.പി.പ്രേമരാജൻ,
സ്‌പെഷ്യൽ പ്രോസിക്യൂട്ടർ
Source link