‘സാമൂഹികക്ഷേമ പെൻഷനിൽ കേന്ദ്രവിഹിതം നൽകുന്നതിൽ വീഴ്ച; ബാധിച്ചത് എട്ടുലക്ഷം ഗുണഭോക്താക്കളെ’


തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ മുൻകൂറായി പണം നൽകിയിട്ടും സാമൂഹികക്ഷേമ പെൻഷനുകളിലെ കേന്ദ്രവിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുന്നതിൽ കേന്ദ്രം കാലതാമസം വരുത്തുകയാണെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വിവിധ സാമൂഹിക സുരക്ഷാ പെൻഷനുകളിൽ ഉൾപ്പെടുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ എന്നീ മൂന്നിനം സാമൂഹിക സുരക്ഷാ പെൻഷനുകളിലെ നാമമാത്രമായ 8.46 ലക്ഷം പേർക്ക് മാത്രമാണ് എൻഎസ്എപി പദ്ധതി പ്രകാരം 200 മുതൽ 500 രൂപ വരെയുള്ള കേന്ദ്രവിഹിതം  ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ലിന്റോ ജോസഫ് എംഎല്‍എ സമര്‍പ്പിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.‘‘കേന്ദ്രവിഹിതം ഉൾപ്പെടെയുള്ള തുക മുഴുവനും ഒരുമിച്ച് സംസ്ഥാന സർക്കാർ നൽകുകയും കേന്ദ്രവിഹിതം പിന്നീട് കേന്ദ്ര സർക്കാർ റീ ഇംപേഴ്‌സ്മെന്റ് രീതിയിൽ തിരികെ നൽകുകയും ചെയ്യുന്ന രീതിയായിരുന്നു 2022 ഡിസംബർ വരെ സ്വീകരിച്ചിരുന്നത്. എന്നാൽ കേന്ദ്ര വിഹിതം കൃത്യമായി തിരികെ നൽകാതെ കുടിശിക എകദേശം 600 കോടി രൂപ കവിയുന്ന സാഹചര്യമുണ്ടായി. നിലവിൽ സംസ്ഥാന സർക്കാർ മുൻകൂറായി ചെലവഴിച്ച 121.54 കോടി രൂപ ഇനിയും തിരികെ ലഭിക്കാനുണ്ട്.’’ – മന്ത്രി മറുപടിയിൽ വ്യക്തമാക്കി. 2023 ജനുവരിയിൽ കേന്ദ്രസർക്കാർ കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ടു കൊണ്ടുവന്ന പുതിയ നിബന്ധന പ്രകാരം കേന്ദ്രവിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നല്‍കാമെന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍ ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിൽനിന്നുള്ള വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയുണ്ടായതിനാൽ ഇതിന് ആനുപാതികമായ തുക കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടിലേക്ക് സംസ്ഥാനം മുന്‍കൂട്ടി നൽകാൻ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.


Source link

Exit mobile version