വിശ്വംജയിച്ച വിഘ്നേഷ്…

ചെന്നൈ: വിഘ്നേഷ് പുത്തൂർ, ക്രിക്കറ്റ് ലോകത്തു സുപരിചിതമല്ലാത്ത പേര്. എന്നാൽ, വിഘ്നേഷ് ഇന്ന് താരമാണ്. ഐപിഎൽ അരങ്ങേറ്റത്തിൽ സ്വപ്നതുല്ല്യമായ തുടക്കം കുറിച്ച മലയാളി താരം. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ x മുംബൈ മത്സരമാണ് ഈ മലപ്പുറംകാരനെ വന്പൻ നേട്ടങ്ങളിലേക്ക് എത്തിച്ചത്. രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ റിസ്റ്റ് സ്പിൻ ബൗളറായ വിഘ്നേഷ് നേടിയതു ചെന്നൈ സൂപ്പർ കിംഗ്സിന്റെ മൂന്ന് വന്പൻമാരുടെ വിക്കറ്റുകൾ. തോൽവി വഴങ്ങിയെങ്കിലും മത്സരത്തിൽ ശ്രദ്ധാകേന്ദ്രമായി ഈ ഇരുപത്തിനാലുകാരൻ. കളം വിടും മുൻപ് എം.എസ്. ധോണി തോളിൽ തട്ടി അഭിനന്ദിച്ചത് വിഘ്നേഷിനെ വാനോളം ഉയർത്തി. സൂര്യകുമാറും സംഘവും ചേർന്ന് വഴിയൊരുക്കി, ഡഗൗട്ടിൽ നിറപുഞ്ചിരിയോടെ രോഹിത് കൈയടിച്ച് വരവേറ്റു. ഡ്രസിംഗ് റൂമിൽ ടീം ഉടമ നിത അംബാനിയുടെ അഭിനന്ദനവും മുംബൈയുടെ മത്സരത്തിലെ മികച്ച ബോളർക്കുള്ള പുരസ്കാരവും, വിഘ്നേഷിന്റെ വാക്കുകളിൽ പറഞ്ഞാൽ, എല്ലാം സ്വപ്നത്തിൽ വിചാരിക്കാത്ത കാര്യങ്ങൾ. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർക്കുശേഷം മുംബൈ ഇന്ത്യൻസ് കണ്ടെത്തിയ യുവ പ്രതിഭയാണ് വിഘ്നേശെന്ന് നിസംശയം പറയാം. തരംഗമായ അരങ്ങേറ്റം ഒറ്റ ദിവസംകൊണ്ട് പ്രശസ്തനായെങ്കിലും പ്രകടന മികവുകൊണ്ടു താരമായ റിസ്റ്റ് സ്പിൻ ബൗളറാണ് വിഘ്നേഷ്. മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ വിഘ്നേഷിന്റെ കൈകളിലേക്ക് പന്ത് ഏൽപ്പിക്കുന്പോൾ ചെന്നൈ ആധികാരിക ജയത്തിനരികെ. ആദ്യ മത്സരത്തിന്റെ സമ്മർദമില്ലാതെ വന്ന വിഘ്നേഷിന് ചെപ്പോക്കിനെ നിശബ്ദമാക്കാൻ വേണ്ടിവന്നത് അഞ്ച് പന്തുകൾ മാത്രം. ഋതുരാജ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ പവലിയനിലേക്ക് മടക്കി. മൂന്ന് ഓവർകൊണ്ട് ചെന്നൈയെ സമ്മർദത്തിലാക്കിയ മലയാളി താരം നേട്ടങ്ങളിലേക്കുള്ള യാത്രയ്ക്കു തുടക്കമിട്ടു. മത്സരത്തിൽ നാല് ഓവറിൽ 32 റണ്സ് വഴങ്ങി മൂന്ന് വിക്കറ്റ് നേട്ടം.
മികച്ച ബോളർക്കുള്ള പുരസ്കാരം അരങ്ങേറ്റത്തിൽ ചെന്നൈയെ വിറപ്പിച്ച് ശ്രദ്ധ നേടിയ വിഘ്നേഷ് പുത്തൂരിന് ടീം ഉടമ നിത അംബാനി മികച്ച ബോളർക്കുള്ള പുരസ്കാരം സമ്മാനിച്ച് അഭിനന്ദിക്കുന്ന വീഡിയോ ശ്രദ്ധ നേടി. മത്സരത്തിനു ശേഷം ഡ്രസിംഗ് റൂമിലെത്തിയാണ് നിത പുരസ്കാരം കൈമാറിയത്. പുരസ്കാരം സ്വീകരിച്ച ശേഷം നിത അംബാനിയുടെ കാൽ തൊട്ടുവന്ദിച്ച വിഘ്നേഷ് പുത്തൂരിന്റെ എളിമയ്ക്കു ടീം അംഗങ്ങളും ആരാധകരും കൈയടിച്ചു. സ്വപ്നതുല്ല്യം; ഏവർക്കും നന്ദി “കളിക്കാൻ അവസരം നൽകിയ മുംബൈ ഇന്ത്യൻസിന് നന്ദി. ഇവിടെയിരിക്കുന്ന താരങ്ങൾക്കൊപ്പം എന്നെങ്കിലും കളിക്കാൻ അവസരം ലഭിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. വളരെയധികം സന്തോഷത്തിലാണ്. ഉറച്ച പിന്തുണ നൽകിയവർക്ക്, പ്രത്യേകിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് നന്ദി. അദ്ദേഹത്തിന്റെ പിന്തുണ എനിക്ക് സമ്മർദമില്ലാതെ കളിക്കാൻ അവസരമൊരുക്കി. പിന്തുണച്ച എല്ലാവർക്കും നന്ദി’’- വിഘ്നേഷ് പറഞ്ഞു. ആദ്യം മീഡിയം പേസർ കോളജ് തല ക്രിക്കറ്റിൽ മീഡിയം പേസറായി തുടക്കം കുറിച്ച വിഘ്നേഷ് പ്രാദേശിക പരിശീലകനായ മുഹമ്മദ് ഷെരീഫിന്റെ നിദേശപ്രകാരം സ്പിൻ ബൗളിംഗിലേക്ക് തിരിഞ്ഞു. തൃശൂർ സെന്റ് തോമസ് കോളജ് വിദ്യാർഥിയായ വിഘ്നേഷ് കേരള കോളജ് പ്രീമിയർ ലീഗിൽ നടത്തിയ മികച്ച പ്രകടനം വഴി കെസിഎയിലെത്തി. കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ പതിപ്പിൽ ആലപ്പി റിപ്പിൾസിനു വേണ്ടി നടത്തിയ പ്രകടനം മുംബൈ ഇന്ത്യൻസിന്റെ ശ്രദ്ധയിൽപ്പെട്ടു. താരലേലത്തിന് മുൻപ് ട്രയൽസിന് വിളിവന്നു. ജയവർധനയ്ക്കും പൊള്ളാർഡിനും മുന്നിൽ മികച്ച രീതിയിൽ പന്തെറിഞ്ഞു മടങ്ങി. വിഘ്നേഷിന്റെ മികവ് തിരിച്ചറിഞ്ഞ മുംബൈ താരത്തെ 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. ശേഷം ദക്ഷിണാഫ്രിക്കൻ ട്വന്റി-20 ലീഗിൽ കളിച്ച് ഐപിഎല്ലിനൊരുങ്ങാൻ അവസരമൊരുക്കി.
Source link