സംവരണപ്രശ്നത്തിൽ ബഹളം; ഇരുസഭകളും സ്തംഭിച്ചു

ന്യൂഡൽഹി ∙ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ മാറ്റം വരുത്തണമെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ പറഞ്ഞെന്നാരോപിച്ച് പാർലമെന്റിൽ ബിജെപി പ്രതിഷേധം ഉയർത്തിയതോടെ ഇരുസഭകളിലും ബഹളം. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും കിരൺ റിജിജുവും സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രാജ്യസഭയിൽ കോൺഗ്രസ് ചീഫ് വിപ് ജയറാം രമേശ് അവകാശലംഘന നോട്ടിസ് നൽകി. ബഹളത്തെ തുടർന്ന് രാജ്യസഭ പിരിഞ്ഞപ്പോൾ, ലോക്സഭയിൽ ഉച്ചവരെ നടപടികൾ തടസ്സപ്പെട്ടു. ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം സഭയിൽ ഉന്നയിക്കാതിരിക്കാനാണു ബിജെപി സഭ തടസ്സപ്പെടുത്തുന്നതെന്നു പ്രിയങ്ക ഗാന്ധി ലോക്സഭയിൽ പറഞ്ഞു. ഇരുസഭകളിലും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് വിഷയം ഉന്നയിച്ചത്. മുസ്‌ലിംകൾക്കു സംവരണം നൽകാനായി ഭരണഘടനയിൽ മാറ്റം വരുത്തണമെന്നു ഭരണഘടനാപദവിയിൽ ഇരിക്കുന്ന കോൺഗ്രസ് നേതാവു നടത്തിയ പ്രസ്താവനയിൽ എൻഡിഎ എംപിമാർക്ക് അതൃപ്തിയുണ്ടെന്നു രാജ്യസഭയിൽ റിജിജു പറഞ്ഞു. ഇതോടെ, ഭരണപക്ഷാംഗങ്ങൾ ബഹളം തുടങ്ങി. കോൺഗ്രസിന്റെ ഒരു നേതാവും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നു പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെ മറുപടി നൽകി കർണാടകയിൽ 4% കരാർ മുസ്‌ലിംകൾക്കു നൽകിയതായും പട്ടികവിഭാഗക്കാരുടെയും ഒബിസിക്കാരുടെയും അവകാശങ്ങൾ മുസ്‌ലിംകൾക്കു വേണ്ടി കവർന്നെടുക്കുകയാണെന്നും ആരോഗ്യമന്ത്രിയും സഭാനേതാവുമായ ജെ.പി.നഡ്ഡ പറഞ്ഞു.ഭരണപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭ 2 തവണ സ്തംഭിച്ചു. രാവിലെ ചോദ്യോത്തരവേള 2 മിനിറ്റിനുള്ളിൽ പിരിഞ്ഞു. 12നു വീണ്ടും ആരംഭിച്ചപ്പോൾ റിജിജുവിന്റെ നേതൃത്വത്തിൽ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. ഭരണഘടന കയ്യിൽ പിടിച്ചുകൊണ്ട് കോൺഗ്രസ് നാടകം കളിക്കുകയാണെന്ന് റിജിജു ആരോപിച്ചു. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിച്ചില്ല. നട്ടാൽ മുളയ്ക്കാത്ത കള്ളമാണു ബിജെപി പ്രചരിപ്പിക്കുന്നതെന്നും ബില്ലിൽ ചർച്ച നടന്ന സമയത്തു താൻ അസംബ്ലിയിലുണ്ടായിരുന്നില്ലെന്നും ഡി.കെ.ശിവകുമാർ സമൂഹമാധ്യമത്തിൽ കുറിച്ചു.
Source link