‘ആറളത്ത് എല്ലാം ശാന്തമെന്ന് വ്യക്തമാക്കി ഹർജി തള്ളണമെന്നാണോ?’; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി ∙ കണ്ണൂർ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. കഴിഞ്ഞ 2 തവണയായി നിർദേശിച്ച കാര്യങ്ങളൊന്നും തന്നെ പാലിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവർ വിമർശനമുന്നയിച്ചത്. വിവിധ വകുപ്പുകളെ തമ്മില്‍ ഏകോപിപ്പിക്കുന്നതിനുള്ള ‘ഏകോപന സമിതി’ രൂപീകരിക്കണമെന്നും ഇതിന്റെ തലപ്പത്ത് ഉന്നത ഉദ്യോഗസ്ഥൻ ഉണ്ടാകണമെന്നും കഴിഞ്ഞ 2 തവണ കേസ് പരിഗണിച്ചപ്പോഴും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇത്തരമൊരു സമിതി രൂപീകരിച്ചില്ല എന്നു മാത്രമല്ല, പ്രാദേശിക തലത്തിൽ രൂപീകരിച്ച സമിതിയുടെ നേതൃത്വം ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് നൽകിയതും കോടതിയെ ചൊടിപ്പിച്ചു. ആറളത്ത് വന്യജീവി ആക്രമണം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഏർപ്പെടുത്തി വരികയാണെന്ന് സർക്കാർ കോടതിെയ അറിയിച്ചു. എന്നാൽ അക്കാര്യങ്ങളൊന്നും എന്തുകൊണ്ടാണ് തങ്ങൾക്കു സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇല്ലാത്തതെന്നു കോടതി ചോദിച്ചു. സംസ്ഥാന, ജില്ലാ, പ്രാദേശിക തലത്തിൽ സമിതികൾ രൂപീകരിച്ചെന്നും സംസ്ഥാന തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സമിതി ഇതിനു നേതൃത്വം നൽകുമെന്നും സർക്കാർ അറിയിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ അഞ്ചു തവണ യോഗം ചേര്‍ന്നതിന്റെ വിവരങ്ങളും കൈമാറി. എന്നാൽ ആറളം ഫാമിലെ വന്യജീവി ആക്രമണം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങൾ ഒന്നും സമർപ്പിച്ചിട്ടില്ലെന്നും എത്ര സമയം എടുക്കുമെന്നു വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധർ എന്താണ് നിർദേശിക്കുന്നത് എന്നു പറഞ്ഞിട്ടില്ലെന്നും ഹ്രസ്വകാല–ദീർഘകാല കർമ പദ്ധതി എന്താണെന്നു പറഞ്ഞിട്ടില്ല എന്നും കോടതി വ്യക്തമാക്കി. വൈദ്യുതി വേലിയുടെ നിർമാണം പൂർത്തീകരിക്കുന്നത് ഉൾപ്പെടെ മുന്നോട്ട് എന്താണ് ചെയ്യുന്നത് എന്നതു സംബന്ധിച്ച് അവ്യക്തതയുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളിൽ നടപടികൾ എടുക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചപ്പോൾ വെറുതെ പറഞ്ഞാൽ പോര, അക്കാര്യങ്ങൾ രേഖാമൂലം ഉണ്ടായിരിക്കണമെന്നു കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി അധിക സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു.
Source link