പരസ്യ വിമർശനം : എ പദ്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താതിനെ തുടർന്ന് പരസ്യ വിമർശനവുമായി രംഗത്തെത്തിയ മുതിർന്ന നേതാവ് എ. പദ്മകുമാറിനെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യം പരസ്യമായി പുറത്തുപറഞ്ഞത് സംഘടനാപരമായി തെറ്റാണ്. മെരിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തർക്കും ബോദ്ധ്യപ്പെടേണ്ടതാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. പദ്മകുമാർ വിഷയം ഇപ്പോൾ ചർച്ച ചെയ്തിട്ടില്ല. വിഷയം പരിശോധിക്കും. പഴയ നേതാക്കളും പുതിയവരും ചേർന്ന കൂട്ടായ നേതൃത്വം ആണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ കേസിൽ കെ. രാധാകൃഷ്ണൻ എം.പിക്കെതിരായ ഇ.ഡിയുടെ നീക്കത്ത െ നേരിടുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. നിയമവിരുദ്ധമായ രീതിയിലാണ് ഇ.ഡി വിഷയം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്. കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ ഉണ്ടായ പോരായ്മകൾ തിരുത്തുന്ന സമീപനമാണ് പാർട്ടി സ്വീകരിച്ചത്. ആദ്യംമുതലേ രാഷ്ട്രീയമായിട്ടാണ് ഇ.ഡി കരുവന്നൂർ വിഷയം കൈകാര്യം ചെയ്തതെന്നും ഗോവിന്ദൻ ആരോപിച്ചു. തുഷാർ ഗാന്ധിയെ നെയ്യാറ്റിൻകരയിൽ തടഞ്ഞ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഗാന്ധിയെ കൊന്നവരുടെ മാനസികാവസ്ഥ കേരളത്തിൽ ചിലരിൽ നിലനിൽക്കുന്നത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
Source link