പിബി അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കില്ല; പിണറായി പ്രത്യേക ക്ഷണിതാവാകാൻ സാദ്ധ്യത

ന്യൂഡൽഹി: സിപിഎം പോളിറ്റ്ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടന റിപ്പോർട്ടിന് അന്തിമരൂപം നൽകാൻ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കില്ലെന്ന് ഉറപ്പായതോടെ പിണറായി വിജയൻ സ്ഥിരം അംഗമായി തുടരില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
എന്നാൽ സിപിഎമ്മിലെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഈ സാഹചര്യത്തിൽ പിണറായി വിജയനെ പിബിയിലെ പ്രത്യേക ക്ഷണിതാവാക്കാൻ ആലോചിക്കുന്നതായി മുതിർന്ന പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. പ്രായപരിധിയെ തുടർന്ന് പിബിയിൽ നിന്ന് ഒഴിവാകുന്ന പ്രകാശ് കാരാട്ട്, ബൃന്ദ കരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി എന്നിവർ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തുടരാൻ സാദ്ധ്യതയുണ്ട്.
മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിനെ മാത്രമാണ് പോളിറ്റ്ബ്യൂറോയിലെ പ്രത്യേക ക്ഷണിതാവായി സിപിഎം ഇതുവരെ ഉൾപ്പെടുത്തിയിട്ടുള്ളത്. 2008ൽ കോയമ്പത്തൂരിൽ ചേർന്ന സിപിഎമ്മിന്റെ 19ാം പാർട്ടി കോൺഗ്രസിലാണ് ജ്യോതി ബസുവിനെ പിബി സ്ഥിരം ക്ഷണിതാവാക്കിയത്. 2010ൽ അദ്ദേഹം മരിക്കുന്നത് വരെ പിബി പ്രത്യേക ക്ഷണിതാവായിരുന്നു. ഇത്തവണ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പിണറായി വിജയനെ പിബി പ്രത്യേക ക്ഷണിതാവാക്കുമോ എന്നാണ് അറിയേണ്ടത്.
Source link