KERALAM

എസ്‌‌എസ്‌എൽസി പരീക്ഷയുടെ അവസാന ദിവസം ഇത്തരം പരിപാടികൾ വേണ്ട, ഗേറ്റിന് പുറത്ത് പൊലീസ് കാവലുണ്ടാകും

തൃശൂർ: എസ്‌എസ്‌‌എൽസി പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികളുടെ ആഹ്ളാദ പ്രകടനങ്ങൾ അതിരുകടക്കാതിരിക്കാൻ വേണ്ട ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ. മാർച്ച് 26നാണ് എസ്‌എസ്‌‌എൽസി പരീക്ഷ അവസാനിക്കുന്നത്. തൃശൂർ കോർപറേഷൻ പരിധിയിൽവരുന്ന ചില സ്‌കൂളുകളിൽ അടിപിടിയും അനിഷ്ടസംഭവങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ പ്രിൻസിപ്പൽമാർക്കും പ്രാധാനാദ്ധ്യാപകർക്കും നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

ജില്ലയിലെ പ്രശ്‌ന സാദ്ധ്യതയുള്ള അഞ്ച് സ്‌കൂളുകളെ പ്രത്യേകം നിരീക്ഷിക്കും. സ്‌കൂളിലെ ഫർണിച്ചർ, ഫാൻ തുടങ്ങിയവ നശിപ്പിക്കുക, സ്‌കൂളിനുള്ളിൽ പടക്കം പൊട്ടിക്കുക, അടിപിടിയുണ്ടാക്കുക, വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുക തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സ്‌കൂൾ ഗേറ്റിന് പുറത്ത് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ നിന്ന് സംരക്ഷണമുണ്ടാവും. പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളിലെത്താൻ എല്ലാ സ്‌കൂളുകളിലെയും പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂൾ സാമഗ്രികൾ നശിപ്പിച്ചാൽ ചെലവ് മുഴുവൻ രക്ഷിതാവിൽ നിന്ന് ഈടാക്കിയതിനുശേഷം മാത്രമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ വ്യക്തമാക്കി.

ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സ്‌ക്വാഡുകൾ ജില്ലയിലുടനീളം പരിശോധന നടത്തിവരികയാണ്. തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ 89 പരീക്ഷാ കേന്ദ്രങ്ങളിലായി ആകെ 9,945 വിദ്യാർത്ഥികളാണ് ഇക്കൊല്ലം എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്. ഇതുവരെ നടന്ന പരീക്ഷകളിലൊന്നും തന്നെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.


Source link

Related Articles

Back to top button