കൊച്ചി ∙ വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പ് നിർമാണത്തിന് എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി അനുമതി. ഇതിന്റെ നഷ്ടപരിഹാരമായി 26 കോടി രൂപ സർക്കാർ ഹൈക്കോടതി റജിസ്ട്രിയിൽ കെട്ടിവയ്ക്കാനും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുട ബെഞ്ച് നിർദേശിച്ചു. ഈ മാസം 27നാണ് പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കോടതി ഭൂമിയുടെ കാര്യത്തിൽ തീരുമാനമാക്കിയതോടെ ഉദ്ഘാടനവുമായി സര്‍ക്കാരിനു മുന്നോട്ട് പോകാം. നിർമാണോദ്ഘാടന ചടങ്ങ് തടസപ്പെടുത്തുന്നില്ലെന്ന് എൽസ്റ്റൺ എസ്റ്റേറ്റ് അധികൃതരും കോടതിയെ അറിയിച്ചു. ദുരന്ത നിവാരണ നിയമ പ്രകാരം എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ, എൽസ്റ്റൺ എന്നിവര്‍ സമർപ്പിച്ച അപ്പീലുകളായിരുന്നു കോടതി മുൻപാകെ ഉണ്ടായിരുന്നത്. ഹാരിസന്റെ ഉടമസ്ഥതയിലുള്ള നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ തൽക്കാലം എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുത്താൽ മതി എന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം സർക്കാർ കോടതിയെ അറിയിച്ചു. പിന്നീട് ഏറ്റെടുക്കേണ്ട ആവശ്യം വന്നാൽ കോടതിയിൽ അപേക്ഷ നൽകാമെന്നും സർക്കാർ അറിയിച്ചു.
Source link
നഷ്ടപരിഹാരം 26 കോടി, ടൗൺ ഷിപ്പ് നിർമാണത്തിന് എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; അനുമതി നൽകി ഹൈക്കോടതി
