“വെളിപ്പെടുത്തിയതിനേക്കാൾ ഞെട്ടിക്കുന്ന ചില രഹസ്യങ്ങൾ അഹാന മറച്ചുവച്ചു” ആ സിനിമാ സെറ്റിൽ സംഭവിച്ചതെന്ത്?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ പെണ്മക്കൾ എല്ലാവരും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രശസ്‌തരുമാണ്. കൃഷ്ണകുമാറിന്റെ മൂത്ത മകളും അഭിനേത്രിയുമായ അഹാന കൃഷ്നയ്ക്ക് എതിരെ ഈ അടുത്ത സമയത്ത് ഒരു സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ചില വിവാദങ്ങളുടെ നിജസ്ഥിതിയെകുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
‘നാൻസി റാണി എന്ന ചിത്രത്തിലെ സംവിധായകന് സിനിമ സംവിധാനം ചെയ്യാനുള്ള പരിജ്ഞാനം ഇല്ലായിരുന്നു. ഇതുമനസിലാക്കിയ അഹാനയും മറ്റ് ചിലരും പരിചയ സമ്പന്നരായ അസോസിയേറ്റ് ഡയറക്ടറെയും പ്രൊഡക്ഷൻ മാനേജരെയും വയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. ഷൂട്ടിംഗ് വേളയിൽ കൂട്ടുകാരോടൊപ്പമുള്ള സംവിധായകന്റെ മദ്യപാനവും മറ്റും ചോദ്യം ചെയ്ത അഹാന അവരുടെ കടുത്ത ശത്രുവായി മാറി.
പിന്നീട് കലിപ്പ് തീർത്തത് അഹാനയുടെ ശബ്ദം മറ്റൊരാളെവച്ച് ഡബ്ബ് ചെയ്തുകൊണ്ടുമായിരുന്നു. ഇക്കാര്യം അഹാന അറിഞ്ഞു. അഹാനയ്ക്ക് കൊടുത്ത ശബ്ദം കുളമായപ്പോൾ, അഹാനയെക്കൊണ്ട് ഡബ്ബ് ചെയ്യിക്കാൻ സംവിധായകന്റെ ഭാര്യ അഹാനയുടെ അമ്മയെ വിളിക്കുന്നു. മറ്റാരെയോ വച്ച് ഡബ്ബിംഗ് കുളമാക്കിയ വിവരവും സംവിധായകൻ ലൊക്കേഷനിൽവച്ച് വെള്ളമടിച്ചതിനെക്കുറിച്ചും അഹാനയുടെ അമ്മ ചോദിക്കുന്നു. എന്റെ ഭർത്താവ് മദ്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ, നിങ്ങളുടെ മകൾ ലഹരിക്കടിമയല്ലേയെന്നായിരുന്നു സംവിധായകന്റെ ഭാര്യയുടെ മറുചോദ്യം. സ്വന്തം മകളെക്കുറിച്ച് ഇല്ലാത്തതൊക്കെ പറഞ്ഞപ്പോൾ കൂടുതലൊന്നും സംസാരിക്കാതെ അവർ ഫോൺ കട്ട് ചെയ്തു. അതോടുകൂടി ഇതിന് തിരശ്ശീല വീണു.
പിന്നീട് സംവിധായകന്റെ മരണത്തിന് ശേഷം പടത്തിന്റെ പ്രമോഷന് വിളിച്ചപ്പോൾ അവർ ചെന്നില്ല. അപ്പോൾ സംവിധായകന്റെ ഭാര്യ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി പ്രതികരിച്ചു. അതിനുമറുപടിയായി അഹാന വിശദമായ ഒരു വിവരണം പുറത്തുവിട്ടു. അഹാനയുടെ ആ പോസ്റ്റ് വായിക്കുന്നവർക്ക് തോന്നുന്ന ഒരേയൊരു ഉത്തരമേയുള്ളൂ, ഒരു പെണ്ണിന്റെ ആത്മാഭിമാനത്തിന് മുന്നിൽ എന്ത് പ്രമോഷൻ. ഇങ്ങനെയൊരു സാഹചര്യത്തിൽ ആത്മാഭിമാനവും നിലപാടുമുള്ളവർ എടുക്കേണ്ട ധീരമായ നിലപാടാണ് അഹാന സ്വീകരിച്ചതെന്ന് നിസംശയം പറയാം.
അഹാന വെളിപ്പെടുത്തിയ പല കാര്യങ്ങളും സത്യമാണെന്ന് അന്വേഷണത്തിൽ എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ വെളിപ്പെടുത്തിയതിനേക്കാൾ ഞെട്ടിക്കുന്ന ചില രഹസ്യങ്ങൾ അഹാന മറച്ചുവച്ചിട്ടുണ്ടെന്നും എനിക്ക് അറിയാൻ കഴിഞ്ഞു. ഇപ്പോൾ വെളിപ്പെടുത്താത്തത് മരിച്ചുപോയ ആളോടുള്ള സഹാനുഭൂതികൊണ്ട് മാത്രമാണെന്ന് മനസിലാക്കാനായി. ആവശ്യമില്ലാതെ പ്രകോപനമുണ്ടാക്കിയാൽ ഒരുപക്ഷേ ആ കുട്ടി അതും വെളിപ്പെടുത്തിയേക്കാം.’- അദ്ദേഹം പറഞ്ഞു.
Source link