ജസ്റ്റിസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റും; ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ന്യൂഡൽഹി∙ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. അലഹബാദ് ഹൈക്കോടതിയിലേക്ക് അദ്ദേഹത്തെ തിരികെ അയയ്ക്കാനാണ് കൊളീജിയം ശുപാർശ ചെയ്തത്. ജഡ്ജിയുടെ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിനിടെ അഗ്നിരക്ഷാ സേനാംഗങ്ങൾ പണം കണ്ടെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് നടപടി. മാർച്ച് 20, 24 തീയതികളിലായി നടത്തിയ യോഗങ്ങൾക്കു ശേഷമാണ് ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാൻ കൊളീജിയം തീരുമാനമെടുത്തത്.മാർച്ച് 14 ന് വൈകുന്നേരമാണ് ജസ്റ്റിസിന്റെ വീട്ടിൽ തീപിടിത്തമുണ്ടായത്. തീ അണയ്ക്കുന്നതിനിടെ കണക്കിൽപ്പെടാത്ത പണം അഗ്നിരക്ഷാ സേനാംഗങ്ങൾ കണ്ടെത്തുകയായിരുന്നു. കത്തിനശിച്ച പണത്തിന്റെ വിഡിയോ ഡൽഹി പൊലീസ് കമ്മിഷണർ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതോടെയാണ് സംഭവം വിവാദമായത്. തീപിടിത്തം നടന്ന ദിവസം ജസ്റ്റിസ് വർമയും ഭാര്യയും ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും മധ്യപ്രദേശിൽ യാത്രയിലായിരുന്നെന്നുമാണ് റിപ്പോർട്ട്. സംഭവസമയത്ത് ജസ്റ്റിസിന്റെ മകളും വൃദ്ധയായ അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മാർച്ച് 21ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ രൂപീകരിക്കുകയും ചെയ്തു .മധ്യപ്രദേശ് സ്വദേശിയായ ജസ്റ്റിസ് യശ്വന്ത് വർമ, 1992ലാണ് അഭിഭാഷകനായത്. തുടർന്ന് അലഹബാദ് ഹൈക്കോടതിയിൽ പ്രാക്ടീസ് നടത്തി. ഉത്തർപ്രദേശിന്റെ ചീഫ് സ്റ്റാൻഡിങ് കൗൺസിലായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2013ൽ സീനിയർ അഭിഭാഷകനായി നിയമിതനായ അദ്ദേഹം 2014 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായി. 2017 ഫെബ്രുവരിയിൽ അദ്ദേഹത്തെ സ്ഥിരം ജഡ്ജിയാക്കി. പിന്നീട് അദ്ദേഹത്തെ ഡൽഹി ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. 2021 ഒക്ടോബർ 11നാണ് യശ്വന്ത് വർമ ഡൽഹി ഹൈക്കോടതി ജസ്റ്റിസായി ചുമതലയേറ്റത്.
Source link