സിനിമകളിലൂടെയും സീരിയലുകളിലൂടെയുമൊക്കെ മലയാളികൾക്ക് സുപരിചിതനായ നടനാണ് മഹേഷ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തിലകനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
‘അടുത്തറിഞ്ഞ തിലകൻ ചേട്ടൻ ഒരു പാവമായിരുന്നു. ചില കാര്യങ്ങൾ നമ്മൾ പറയാൻ പാടില്ല. അതായത് ഒരാൾക്ക് ദു:ഖം വരുന്നയൊരു സത്യം നമ്മൾ പറയാൻ പാടില്ല. അപ്രിയമായ സത്യങ്ങൾ പറയരുതെന്നാണ്. അദ്ദേഹം ഇത്തരം കാര്യങ്ങൾ വിളിച്ചുപറഞ്ഞ് ഒരുപാട് പേരെ സങ്കടപ്പെടുത്തിയിട്ടുണ്ട്. അമ്മയുടെ ആ ഫംഗ്ഷനിൽവച്ച് മമ്മൂക്ക കരഞ്ഞിട്ടുണ്ട്. ഞങ്ങളുടെയൊക്കെ മൂത്ത ജ്യേഷ്ടന്റെ സ്ഥാനത്താണെന്നും പറഞ്ഞ്. പക്ഷേ തിലകൻ ചേട്ടന് അദ്ദേഹത്തിന്റേതായിട്ടുള്ള രീതികളുണ്ട്. അവിടെ അദ്ദേഹത്തിന്റെ മഹാപ്രതിഭയെയാണ് നമ്മൾ മാനിക്കേണ്ടത്.
ഒരുപാട് പേർക്ക് നന്മ ചെയ്യുന്ന സംഘടനയാണ് അമ്മ. പത്ത് ഇരുപത്തിനാലായിരം രൂപയ്‌ക്കെങ്കിലും എനിക്ക് ഒരുമാസം മരുന്ന് വേണം. ഒരു സ്‌കീമിന്റെ പുറത്ത് എനിക്ക് ഫ്രീയായി മരുന്ന് അയച്ചുതരികയാണ്. എത്രയോ വർഷമായി കൈനീട്ടം തരുന്നു. പുതുതലമുറയേയും പഴയ തലമുറയേയും ഒരുമിച്ച് കാണാനാകുന്ന വേദി കൂടിയാണ് ജനറൽ ബോഡി. എനിക്കെന്റെ ജീവനാഡി തന്നെയാണ്, അമ്മ തന്നെയാണ് അമ്മ അസോസിയേഷൻ. അതിനെ പലരും ആൽഫബെറ്റ്‌സൊക്കെ വച്ച് വിളിക്കാൻ ശ്രമിക്കുന്നു. അവർക്ക് അതിന്റെ വിലയറിയില്ല.’- മഹേഷ് പറഞ്ഞു.അമേരിക്കയിലെ ജീവിതത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ‘ഒരു കയറ്റവും ഇറക്കവുമൊക്കെയുണ്ടാകും. തൊണ്ണൂറുകളുടെ അവസാനം എന്റെ അമ്മയ്ക്ക് അസുഖം വന്നു. നിന്ന് തിരിയാൻ പറ്റാത്ത രീതിയിൽ കടമായി. അമ്മ മരിച്ചു. സാമ്പത്തികാവസ്ഥ വളരെ മോശമാണെങ്കിൽ നമുക്ക് സമാധാനം എന്നൊരു സാധനം ഉണ്ടാകില്ലല്ലോ.
സുഹൃത്തുക്കളുടെ സഹായത്തോടെ കുടുംബത്തിനൊപ്പം അമേരിക്കയിൽ പോയി. അവിടെ എന്ത് ജോലി ചെയ്തും ജീവിക്കാം. കടം തീർത്ത് തിരിച്ചുവന്ന് സിനിമയിലേക്ക് വരാനായിരുന്നു എന്റെ ഉദ്ദേശം. നല്ല ശമ്പളം കിട്ടണമെങ്കിൽ അവിടത്തെ നല്ല വിദ്യാഭ്യാസം വേണം. അതിന് അവിടെ പഠിക്കണം. പഠിക്കണമെങ്കിൽ കാശ് വേണം. കാശ് വേണമെങ്കിൽ ജോലി ചെയ്യണം. അതിനായി റസ്‌റ്റോറന്റുകളിൽ ജോലി ചെയ്തു, പാത്രം കഴുകി. മഞ്ഞുകോരാൻ പോയിട്ടുണ്ട്. ബാത്ത്റൂം കഴുകിയിട്ടുണ്ട്. പിന്നെ ട്രക്കിന്റെ ലൈസൻസ് എടുത്തു. അങ്ങനെ വണ്ടിയോടിച്ച് പൈസയുണ്ടാക്കി. പിന്നെ നല്ല ജോലിയായി. ആഴ്‌ചയിൽ ഏഴ് ദിവസവും ജോലി ചെയ്ത്, കടങ്ങളെല്ലാം വീട്ടി തിരിച്ചുവന്നു.’- അദ്ദേഹം പറഞ്ഞു.
Source link