‘വിദ്യാഭ്യാസ മേഖലയുടെ പൂര്‍ണനിയന്ത്രണം ആര്‍എസ്എസിന്‍റെ കൈകളിൽ; ആര്‍ക്കും ജോലി കിട്ടില്ല, രാജ്യം ഇല്ലാതാകും’

ന്യൂഡൽഹി ∙ വിദ്യാഭ്യാസ മേഖലയുടെ പൂര്‍ണനിയന്ത്രണം ആര്‍എസ്എസിന്‍റെ കൈകളിലെത്തിയാല്‍ ഇന്ത്യ തകര്‍ന്നടിയുമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യ മുന്നണിയിലെ വിവിധ കക്ഷികളിലെ വിദ്യാര്‍ഥി സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘രാജ്യത്തെ സര്‍വകലാശാലകള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലായിക്കഴിഞ്ഞുവെന്ന വസ്തുത വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാര്‍ഥിസമൂഹത്തെ ബോധ്യപ്പെടുത്തണം. വിദ്യാഭ്യാസരംഗം പൂര്‍ണമായി അവരുടെ നിയന്ത്രണത്തിലായാല്‍ ആര്‍ക്കും ജോലി കിട്ടില്ല, രാജ്യവും ഇല്ലാതാകും. ഒരു സംഘടന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തച്ചുടയ്ക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിനകം തന്നെ അവര്‍ ആ മേഖലയില്‍ സ്വാധീനം ഉറപ്പിച്ചു. ഭാവിയില്‍ സംസ്ഥാനങ്ങളില്‍ വൈസ് ചാന്‍സലര്‍മാരെയും ആര്‍എസ്എസ് നാമനിര്‍ദേശം ചെയ്യുന്ന സ്ഥിതിയുണ്ടാകും. ഇത് തടയണം’’ – രാഹുൽ ഗാന്ധി പറഞ്ഞു. യുജിസിയുടെ കരട് നയത്തിലെ നിര്‍ദേശങ്ങള്‍ ഒരു ചരിത്രം, ഒരു പാരമ്പര്യം, ഒരു ഭാഷ എന്ന ആര്‍എസ്എസ് അജന്‍ഡയുടെ ഭാഗമാണ്. ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ക്ക് വ്യത്യസ്തമായ രാഷ്ട്രീയ ആദര്‍ശങ്ങളും നയങ്ങളുമുണ്ടാകും. അതിന്‍റെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. എന്നാല്‍ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ഈ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് ഒന്നിച്ചു പൊരുതണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Source link