ചാക്കോച്ചൻ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങള്‍, ‘കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതാക്കുന്ന’ അവസ്ഥ: വിനയൻ

പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മാസാമാസം പുറത്തുവിടുന്ന മലയാള സിനിമകളുടെ കലക്‌ഷനില്‍ വാസ്തവിരുദ്ധതയുണ്ടെന്ന നടൻ കുഞ്ചാക്കോ ബോബന്റെ പ്രതികരണത്തിൽ പിന്തുണയുമായി സംവിധായകൻ വിനയനും. ചില താരങ്ങൾ കാണിക്കുന്ന അഹങ്കാരത്തിന് ആ വിഭാഗത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അതിന് ആ താരങ്ങളെ വിളിച്ചു വരുത്തി സംഘടന മുഖത്തു നോക്കി സംസാരിക്കാൻ ധൈര്യം കാണിക്കണമെന്ന് വിനയൻ പറയുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ നഷ്ടം വന്ന സിനിമയാണെന്ന കണക്ക് ഇറക്കിയത് തെറ്റു തന്നെയാണെന്നും സംവിധായകൻ വ്യക്തമാക്കി.‘‘കുഞ്ചാക്കോ ബോബൻ ഇന്നത്തെ മനോരമയിൽ പറഞ്ഞ ചില കാര്യങ്ങൾ സത്യസന്ധമാണ്, വസ്തുതാപരമാണ്. മലയാള സിനിമയെ നന്നാക്കാനായി ഇറങ്ങി തിരിച്ച സംഘടനകൾ സദുദ്ദേശത്തുകൂടി ആയിരിക്കാം വിമർശനങ്ങൾ തുടങ്ങിയത്. പക്ഷേ ‘കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതാക്കുന്ന’ അവസ്ഥയിലേക്കു കാര്യങ്ങൾ പോകുന്നുണ്ടോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഫിലിം ഇൻഡസ്ട്രിയെ നിലനിർത്തി പുരോഗതിയിലേക്കു നയിക്കുക എന്നതാണ് ഈ മേഖലയിലെ ഏതു സിനിമാ സംഘടനയുടേയും ബൈലോയിൽ പ്രധാനമായും പറഞ്ഞിട്ടുള്ളത്. എന്നാൽ ഇതൊരു കെണിയാണ് ആരും ഇങ്ങോട്ടു വരരുത് മാറിപ്പൊയ്കോളൂ എന്ന് സിനിമ നിർമിക്കാൻ വരുന്ന ഏതൊരു വ്യക്തിക്കും ഇൻവസ്റ്റർക്കും തോന്നുന്ന വിധം മാധ്യമങ്ങൾക്കു മുന്നിൽ വിഴുപ്പലക്കുന്നതും, പരസ്പരം പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ പത്ര സമ്മേളനം നടത്തി പറയുന്നതും ഈ ഇൻഡസ്ട്രിയെ തകർക്കാനേ സഹായിക്കുള്ളു. താരമേധവിത്വത്തിനെതിരെ എന്നും ശക്തമായ നിലപാടെടുത്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. 1998ൽ ‘ആകാശഗംഗ’ എന്ന സിനി നിർമിക്കുന്ന സയത്താണ് ഞാൻ നിർമാതാക്കളുടെ സംഘടനയിൽ അംഗമാകുന്നത്. 2004ൽ താരങ്ങൾക്ക് എഗ്രിമെന്റ് നിർബന്ധമായും വേണം എന്ന ഫിലിം ചേമ്പറിന്റെ അഭിപ്രാത്തിന്റെ കൂടെ ഉറച്ചു നിൽക്കുകയും താരസംഘടനയായ ‘അമ്മ’യുടെ എതിർപ്പ് വക വയ്ക്കാതെ സത്യം എന്ന സിനിമ ചെയ്ത് താരങ്ങളുടെ സമരത്തെ തോൽപ്പിച്ച് എഗ്രിമെന്റ് നടപ്പാക്കുന്നതിൽ എന്റെ എളിയ സഹായം ഞാൻ നൽകുകയും ചെയ്തിരുന്നു. അതിന്റെ കൂടി പരിണിത ഫലമാണല്ലോ എനിക്കുണ്ടായ വിലക്കും മറ്റും.
Source link