CINEMA

‘എമ്പുരാനി’ൽ മമ്മൂട്ടി ഉണ്ടോ? വെളിപ്പെടുത്തി മോഹൻലാൽ


‘എമ്പുരാനി’ൽ നടൻ മമ്മൂട്ടി ഇല്ലെന്ന് വെളിപ്പെടുത്തി മോഹൻലാൽ. സിനിമയുടെ ട്രെയിലർ വന്നതു മുതൽ ചുവന്ന വ്യാളിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന നടൻ ആരെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരുന്നു.  അത് ഫഹദ് ഫാസിൽ ആണോ എന്ന തരത്തിലുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ അത് ഫഹദ് അല്ല എന്ന പൃഥ്വിരാജിന്റെ വെളിപ്പെടുത്തലോടെ മമ്മൂട്ടി ആണ് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായി.  എന്നാൽ ഇപ്പോൾ ആ ഊഹവും തെറ്റാണെന്നു വ്യക്തമാക്കുകയാണ് മോഹൻലാൽ. ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഫഹദോ മമ്മൂട്ടിയോ അല്ല എന്നും അവർ ആണെങ്കിൽ എന്തിനു അവരുടെ മുഖം ഒളിച്ചു വയ്ക്കണം എന്നും മോഹൻലാൽ ചോദിക്കുന്നു. മോഹൻലാലിന്റെ വാക്കുകൾ: “ഇതുപോലെ ഒരു ചോദ്യം ഇന്നലെ പൃഥ്വിരാജിനോടും ആരോ ചോദിച്ചു, അത് ഫഹദ് ഫാസിൽ ആണോ എന്ന്.  അത് ഫഹദ് അല്ല എന്ന് പൃഥ്വി പറഞ്ഞിരുന്നു. അത് മമ്മൂക്ക ആയിരുന്നെങ്കിൽ ഞങ്ങൾ പുള്ളിയുടെ മുഖം കാണിക്കുമായിരുന്നു. ഞങ്ങൾ എന്തിനാണ് അദ്ദേഹത്തിന്റെ മുഖം ഒളിച്ചു വയ്ക്കുന്നത്. അത് അവരൊന്നുമല്ല വേറെ ഒരു നടൻ ആണ്.” എമ്പുരാൻ റിലീസ് ചെയ്യാൻ മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ വ്യാളിമുഖത്തിനു പിന്നിലുള്ള താരത്തെ തേടുകയാണ് ആരാധകർ. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനു കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ  ചേർന്നാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ട്രിലജിയുടെ രണ്ടാം ഭാഗമായ എമ്പുരാൻ നിർമിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. ഉത്തരേന്ത്യയിൽ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.


Source link

Related Articles

Back to top button