KERALAMLATEST NEWS

‘തൃശൂരുകാരൻ, കണ്ണൂരിന്റെ പുതിയാപ്ള’; രാജീവ്  ചന്ദ്രശേഖർ ന്യൂജനറേഷനെ ആകർഷിക്കാൻ കഴിയുന്നയാളെന്ന് എ  പി  അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയെ ആധുനിക കാലഘട്ടത്തിൽ നയിക്കാൻ കഴിയുന്ന നേതാവെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. ന്യൂജനറേഷനെ ആകർഷിക്കാൻ കഴിയുന്നയാളാണ് രാജീവ് എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ഏൽപ്പിച്ച ചുമതല നല്ല രീതിയിൽ ചെയ്യുന്നയാളാണ്. തൃശൂരുകാരനാണ്. കണ്ണൂരിലെ പുതിയാപ്ളയാണ്. മൂന്നുതവണ രാജ്യസഭാ എംപി എന്ന നിലയിൽ ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങിയ വ്യക്തിത്വമാണ്’- എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് ഇന്നുനടന്ന സംസ്ഥാന കൗൺസിലിൽ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അദ്ധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിന്റെ സംഘടന തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവദേക്കർ മുന്നോട്ടുവയ്ക്കുകയായിരുന്നു.

സംസ്ഥാന പ്രസിഡന്റാകാൻ താത്പര്യമില്ലെന്നാണ് രാജീവ് ചന്ദ്രശേഖർ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാൽ, കേരളത്തിലെ യുവജനങ്ങളെ ഉൾപ്പെടെ പാർട്ടിയിലേക്ക് ആകർഷിക്കാനും സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വാധീനം വർദ്ധിപ്പിക്കാനും രാജീവിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു. പാർട്ടി നിർദ്ദേശത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരത്തെത്തിയ രാജീവ് ചന്ദ്രശേഖർ സംസ്ഥാന സഹവരണാധികാരി നാരായണൻ നമ്പൂതിരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു.

ബിജെപിയുടെ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്നുള്ള മുപ്പത് അംഗങ്ങളെ തിരഞ്ഞെടുത്തു. സംസ്ഥാന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. 30 പേർ പത്രിക നൽകിയെന്നും എല്ലാവരെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തെന്നുമാണ് വരണാധികാരി അഡ്വ. നാരായണൻ നമ്പൂതിരി അറിയിച്ചത്.


Source link

Related Articles

Back to top button