റോഡ് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി; ചോർച്ച പരിഹരിച്ചു

പാലക്കാട്∙ കഞ്ചിക്കോട് വ്യവസായ മേഖലയിൽ റോഡ് അറ്റക്കുറ്റപ്പണിക്കിടെ വീണ്ടും അദാനി സിറ്റി ഗ്യാസ് പദ്ധതിയിലെ പൈപ്പ് ലൈൻ പൊട്ടി. 2 മിനിറ്റോളം പാചക വാതകം ചോർന്നു. തൊഴിലാളികൾ വിവരം നൽകിയ ഉടൻ വാൽവുകൾ അടച്ച് ചോർച്ച പരിഹരിച്ചു. നേരിയ രീതിയിലാണ് ചോർച്ചയുണ്ടായത്. പാത നവീകരിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെയായിരുന്നു അപകടം.ഗ്യാസ് പൈപ്പ് ലൈൻ ഉദ്യോഗസ്ഥ സംഘവും കഞ്ചിക്കോട് നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സുരക്ഷ വിലയിരുത്തിയ ശേഷം റോഡ് അറ്റക്കുറ്റപ്പണികളും നിർമാണ ജോലികൾ പുനരാരംഭിച്ചു. ഇതു രണ്ടാം തവണയാണ് സമാനമായ രീതിയിൽ പൈപ്പ് ലൈൻ പൊട്ടി ചോർച്ചയുണ്ടാകുന്നത്. ഗ്യാസ് പൂർണമായി പൈപ്പ് ലൈനിലേക്ക് കടത്തിവിടാത്തതിനാൽ അപകടമുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥർ പ്രദേശവാസികളെ അറിയിച്ചിട്ടുള്ളത്.
Source link