ആനവണ്ടി ഇങ്ങനെയൊന്ന് ശ്രമിച്ചപ്പോൾ വരുമാനം 80 ലക്ഷം, ഒരു മാസം വരവ് അഞ്ച് ലക്ഷം വരെ

തൊടുപുഴ : നഷ്ടക്കണക്കിന്റെ പേരിൽ എപ്പോഴും പഴി കേൾക്കുന്ന കെ.എസ്.ആർ.ടി.സി ജില്ലയിൽ മാത്രം വിനോദയാത്രയിലൂടെ സമ്പാദിച്ചത് 80 ലക്ഷം രൂപ. 2022 മുതൽ 2024 വരെയുള്ള രണ്ട് വർഷക്കാലയളവിലാണ് കെ.എസ്.ആർ.ടി.സി തൊടുപുഴ ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) ഇത്രയും തുക കരസ്ഥമാക്കിയത്.
ജില്ലയിൽ 2022 ജൂലായ് 17നാണ് കെ.എസ്.ആർ.ടി.സി തൊടുപുഴ ബി.ടി.സി ആദ്യ യാത്ര നടത്തിയത്. 37 യാത്രക്കാരുമായി നാടുകാണി വഴി വാഗമണ്ണിലേക്ക് തുടങ്ങിയ വിജയയാത്ര കഴിഞ്ഞ എട്ടിന് 200-ാമത് യാത്ര മൂന്നാറിലേക്ക് നടത്തി ജൈത്രയാത്ര തുടരുകയാണ്. പദ്ധതിയുടെ ഭാഗമായി പ്രതിമാസം ശരാശരി നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള തുകയാണ് തൊടുപുഴയിൽ നിന്ന് മാത്രമായി ട്രാൻസ്‌പോർട്ട് കോർപ്പറേഷന് ലഭിക്കുന്ന വരുമാനം. കഴിഞ്ഞ വർഷം മേയ്, സെപ്തംബർ മാസങ്ങളിൽ ഒമ്പത് ലക്ഷം രൂപ കളക്ഷൻ നേടി സംസ്ഥാന തലത്തിൽ തന്നെ മികച്ച നേട്ടവും തൊടുപുഴ ബഡ്ജറ്റ് ടൂറിസം സെൽ സ്വന്തമാക്കിയിട്ടുണ്ട്. 200-ാമത് യാത്ര പൂർത്തീകരിച്ചപ്പോൾ ആറായിരത്തിലധികം യാത്രക്കാർ ബി.ടി.സിയുടെ ഭാഗമായി എന്നതും പ്രത്യേകതയാണ്.
തൊടുപുഴയ്ക്ക് പുറമെ കട്ടപ്പന, കുമളി, മൂലമറ്റം, മൂന്നാർ എന്നിവിടങ്ങളിലും ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ പ്രവർത്തനം സജീവമാണ്. മൂന്നാറിൽ ഡബിൾ ഡക്കർ ബസ് ഇറക്കിയതോടെ ഇവിടെ നിന്നും മികച്ച കളക്ഷനാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നത്. മറ്റ് ഡിപ്പോകളിലും ഈ പദ്ധതി വഴി ഭേദപ്പെട്ട വരുമാനം ലഭിക്കുന്നുമുണ്ട്.
നിലവിൽ തൊടുപുഴയിൽ നിന്ന് നടത്തുന്ന ഗവി, ആലപ്പുഴ അർത്തുങ്കൽ പള്ളി, കൊച്ചി കപ്പൽയാത്ര, വട്ടവട, കാന്തല്ലൂർ ചതുരംഗപ്പാറ, ഇല്ലിക്കൽകല്ല്, വാഗമൺ, വർക്കല ശിവഗിരി, അതിരപ്പിള്ളി മലക്കപ്പാറ, രാമക്കൽമേട്, അഞ്ചുരുളി, വയനാട് എന്നീ വിനോദ യാത്രകൾക്ക് പുറമെ നിരവധി തീർത്ഥാടന യാത്രകളും അന്തർസംസ്ഥാന യാത്രകളും ബഡ്ജറ്റ് ടൂറിസം സെൽ നടത്തുന്നുണ്ട്. ഇതിനായി രണ്ട് ഫാസ്റ്റ് സർവീസുകളാണ് തൊടുപുഴ യൂണിറ്റിലുള്ളത്. ഗവി റൂട്ടിൽ മാത്രം 36 സീറ്റ് വണ്ടിയും മറ്റ് സ്ഥലങ്ങളിലേക്ക് 50 സീറ്റ് വണ്ടികളുമാണ് പദ്ധതിക്കായി സർവീസ് നടത്തുന്നത്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യയാത്ര ഒരുക്കുന്നതിന് പുറമേ, സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക ഇളവും അധികൃതർ നൽകുന്നുണ്ട്.
അമരത്ത് ഇവർ
ജില്ലാ കോർഡിനേറ്റർ എൻ.ആർ. രാജീവ്, സിജി ജോസഫ്, അരവിന്ദ്, അജീഷ്, എ.ടി.ഒ രാജേഷ്, കൺട്രോളിംഗ് ഇൻസ്‌പെക്ടർ കെ.കെ. സന്തോഷ്, സൂപ്രണ്ട് നിഷ എന്നിവരുടെ നേതൃത്വത്തിലാണ് തൊടുപുഴ ബഡ്ജറ്റ് ടൂറിസം സെൽ യൂണിറ്റിന്റെ പ്രവർത്തനം.
‘2023 മുതൽ 20 തവണ ബി.ടി.സിയുടെ ഭാഗമായി യാത്ര ചെയ്തിട്ടുണ്ട്. കാണാൻ ലുക്കുള്ള വണ്ടികൾ ഇറക്കുകയും ജില്ലയിലെ പതിവ് സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് പകരം മറ്റ് ജില്ലാ അന്തർ സംസ്ഥാന യാത്രകൾ ഉൾപ്പെടുത്തിയാൽ ഏറെ നല്ലതായിരിക്കും.’
സാംസൺ എ.ജി, ആനിക്കുഴിയിൽ കലൂർ
( കെ.എസ്.ആർ.ടി.സി യാത്രാ പ്രേമി)
Source link