സിപിഎമ്മിന് അടിത്തറ പാകിയ നേതാവിന്റെ മകൻ ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷൻ,​ ഇടതുപക്ഷത്തെ വിമർശിച്ച് കസ്‌തൂരി അനിരുദ്ധൻ

തിരുവനന്തപുരം: ഇടത് പാർട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യം ഭാരതീയ സംസ്‌കാരത്തെ തകർക്കുകയാണെന്ന് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല പ്രസിഡന്റ് കസ്‌തൂരി അനിരുദ്ധൻ. തെറ്റു‌തിരുത്താൻ ഒരിക്കലും സിപിഎം തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം നേതാവായിരുന്ന എ. അനിരുദ്ധന്റെ മകനും മുൻ എം.പി. ഡോ.എ.സമ്പത്തിന്റെ സഹോദരനുമാണ് കസ്തൂരി അനിരുദ്ധൻ. തിരുവനന്തപുരം ജില്ലയിൽ സി.പി.എമ്മിന് അടിത്തറ പാകിയ നേതാവാണ് എ. അനിരുദ്ധൻ. മൂന്ന് തവണ എം.എൽ.എയും ഒരു തവണ എം.പിയുമായിരുന്നു. ഒരു തവണ ജയിലിൽ കിടന്നാണ് മത്സരിച്ച് ജയിച്ചത്. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിലാണ് ജില്ലാ പ്രസിഡന്റായി കസ്‌തൂരിയെ പ്രഖ്യാപിച്ചത്.

പഠനകാലത്ത് എസ്‌എഫ്‌ഐയിലെ പ്രവർത്തകനായിരുന്നു കസ്‌തൂരി. സിപിഎമ്മിന്റെ ആദ്യ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു അനിരുദ്ധൻ. തലസ്ഥാനത്ത് അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന സമ്പത്തും കസ്‌തൂരിയും എന്നാൽ രാഷ്‌ട്രീയപരമായി രണ്ട് ധ്രുവങ്ങളിലാണ്. ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷനായ വിവരം സമ്പത്തിനെയാണ് ആദ്യം അറിയിച്ചതെന്നും കസ്‌തൂരി ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.


Source link
Exit mobile version