LATEST NEWS

കോട്ടയം റാഗിങ് കേസിൽ കുറ്റപത്രം അടുത്തയാഴ്ച; കോടതിയിൽ സമർപ്പിക്കും മുൻപ് നിയമോപദേശം തേടും


ഗാന്ധിനഗർ ∙ കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ അടുത്ത ആഴ്ച കുറ്റപത്രം ‌സമർപ്പിക്കാൻ പൊലീസ്. കേസിൽ തെളിവെടുപ്പ്, സാക്ഷിമൊഴി, ശാസ്ത്രീയ തെളിവുശേഖരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കിയ പൊലീസ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. വിവാദമായ കേസ് ആയതിനാൽ നിയമോപദേശം കൂടി തേടിയതിനു ശേഷമാകും കുറ്റപത്രം കോടതിയിൽ  സമർപ്പിക്കുക. കേസിലെ പ്രതികൾ ഒരാഴ്ച മുൻപ് ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസിൽ 5 പ്രതികളാണുള്ളത്. ഇതിൽ 2 പേരുടെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ബാക്കിയുള്ള 3 പേർ അപേക്ഷ പിൻവലിച്ചു. സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി  മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി.രാഹുൽ രാജ് (22),‌ മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ വീട്ടിൽ സാമുവൽ ജോൺസൺ (20), വയനാട് നടവയലിൽ പുൽപ്പള്ളി ഞാവലത്ത് എൻ.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ സി.റിജിൽ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21) എന്നിവരാണ് പിടിയിലായത്. ഇവർ ഇപ്പോഴും റിമാൻഡിലാണ്.പ്രതികൾക്കെതിരെ ഭാരത നിയമ സംഹിതയിലെ 118–ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസ് എടുത്തത്. കഴിഞ്ഞ നവംബർ 4 മുതലായിരുന്നു കോട്ടയം ഗവ. നഴ്സിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ ക്രൂര റാഗിങ്ങിനു ഇരയായത്. സീനിയർ വിദ്യാർഥികൾക്ക് മദ്യപിക്കാൻ പണം നൽകാത്തവരെ റാഗ് ചെയ്യുകയായിരുന്നു.


Source link

Related Articles

Back to top button