ഇസ്താംബൂൾ മേയറെ ജയിലിൽ അടച്ചു

അങ്കാറ: അറസ്റ്റിലായ ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവിനെ തുർക്കി കോടതി ജയിലിലടച്ചു. ഇമാമൊഗ്ലുവിനെതിരേ ചുമത്തിയ അഴിമതി കേസിലാണു നടപടി. കേസിലെ വിചാരണ പിന്നീട് നടക്കും. അതേസമയം, തീവ്രവാദബന്ധം ആരോപിക്കുന്ന കേസിൽ ഇമാമൊഗ്ലുവിനെ ജയിലിൽ അടയ്ക്കാൻ കോടതി തയാറായില്ല. തുർക്കി പ്രസിഡന്റ് എർദോഗന്റെ രാഷ്ട്രീയ എതിരാളിയായ ഇമാമൊഗ്ലുവിനെ ബുധനാഴ്ചയാണു പോലീസ് കസ്റ്റഡിയിലെടുത്തത്. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കപ്പെടുന്നു. അറസ്റ്റിനെതിരേ ഇസ്താംബൂൾ നഗരത്തിലടക്കം വൻ പ്രതിഷേധം നടക്കുന്നുണ്ട്. ശനിയാഴ്ച പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ, മതേതര നിലപാടുകൾ പുലർത്തുന്ന പ്രതിപക്ഷ സിഎച്ച്പി പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർഥിയായി ഇമാമൊഗ്ലു ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടു.
2028ലെ തെരഞ്ഞെടുപ്പിൽ എർദോഗൻ മത്സരിക്കുകയാണെങ്കിൽ ഇമാമൊഗ്ലു ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണു കരുതുന്നത്. അടുത്തിടെ നടന്ന അഭിപ്രായസർവേകളിൽ അദ്ദേഹത്തിന് എർദോഗനേക്കാൾ ലീഡ് കിട്ടിയിരുന്നു.
Source link