‘എല്ലാവർക്കും നന്ദി’; ഒന്നര മാസത്തിനു ശേഷം വിശ്വാസികൾക്കു മുന്നിലെത്തി ഫ്രാൻസിസ് മാർപാപ്പ


റോം ∙ 37 ദിവസത്തെ ആശുപത്രിവാസത്തിനു  ശേഷം വിശ്വാസികൾക്കു മുന്നിലെത്തി ഫ്രാൻസിസ് മാർപാപ്പ. ചികിത്സയിലായിരുന്ന റോമിലെ ജമേലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് അദ്ദേഹം പുറത്തു കാത്തുനിന്ന വിശ്വാസികളെ കണ്ടത്. ഫെബ്രുവരി 9ന് ശേഷം ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ ജനങ്ങൾക്കു മുന്നിലെത്തുന്നത്. വീൽചെയറിൽ ജനാലയ്ക്കരികിലെത്തിയ അദ്ദേഹം അപ്രതീക്ഷിതമായി ജനങ്ങളോട് സംസാരിക്കുകയും ചെയ്തു.‘‘ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാർഥിച്ച എല്ലാവർക്കും നന്ദി.’’ – ഫ്രാൻസിസ് മാർപാപ്പ സഹായി നൽകിയ മൈക്കിലൂടെ പറഞ്ഞു. തുടർന്ന് അദ്ദേഹം വിശ്വാസികൾക്കു നേരെ കൈവീശി കാണിച്ച ശേഷമാണ് മടങ്ങിയത്. മാർപാപ്പയ്ക്കു സംസാരിക്കാൻ ചില ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു. അടുത്ത 2 മാസം അദ്ദേഹം പരിപൂർണ വിശ്രമത്തിലായിരിക്കും. ഇന്നു തന്നെ ആശുപത്രി വിടുന്ന മാർപാപ്പ ഉടൻ വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാർത്തയിലേക്ക് മാറും. സന്ദർശകർക്ക് കർശന നിയന്ത്രണവും ഉണ്ടാകും.ശ്വാസകോശ അണുബാധയെത്തുടർന്നു ചികിത്സയ്ക്കായി ഫെബ്രുവരി 14 മുതൽ റോമിലെ ജമേലി ആശുപത്രിയിലായിരുന്നു മാർപാപ്പ. ആശുപത്രി ചാപ്പലിൽ കുർബാനയിൽ പങ്കെടുക്കുന്നതിന്റെ ചിത്രം കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. എല്ലാ ഞായറാഴ്ചയും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പൊതുവേദിയിൽ മാർപാപ്പ പ്രാർഥനയ്ക്കെത്തി വിശ്വാസികളെ അനുഗ്രഹിച്ചിരുന്നതാണ്. ഫെബ്രുവരി 9ന് ആണ് അവസാനം ഈ ചടങ്ങിൽ പങ്കെടുത്തത്. ഏപ്രിൽ 8ന് വത്തിക്കാനിലെ വസതിയിൽ ബ്രിട്ടനിലെ ചാൾസ് രാജാവിന് കൂടിക്കാഴ്ചയ്ക്കു അദ്ദേഹം സമയം അനുവദിച്ചിട്ടുണ്ട്.


Source link

Exit mobile version