പ്രഖ്യാപനത്തിലൊതുങ്ങി ഡിസിസി ശാക്തീകരണം

ന്യൂഡൽഹി ∙ കൂടുതൽ അധികാരം നൽകി ജില്ലാ കോൺഗ്രസ് കമ്മിറ്റികളെ (ഡിസിസി) ശാക്തീകരിക്കുമെന്നു പ്രഖ്യാപിച്ച കോൺഗ്രസ് പല സംസ്ഥാനങ്ങളിലും ഡിസിസി പുനഃസംഘടന ഫലപ്രദമായി നടത്തിയിട്ടില്ല. ഹരിയാനയിൽ ഒരു പതിറ്റാണ്ടിലേറെയായി ഡിസിസികളില്ല. കഴിഞ്ഞ 3 വർഷത്തിനിടെ ഡിസിസി പുനഃസംഘടന പൂർണമായി നടന്നത് 10 സംസ്ഥാനങ്ങളിൽ മാത്രമാണ്. ഇതിൽ ഗുജറാത്തിലും മേഘാലയയിലും പുനഃസംഘടന കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖർഗെ ചുമതലയേറ്റെടുക്കും മുൻപായിരുന്നു. ഫലത്തിൽ, ഖർഗെ പ്രസിഡന്റായ ശേഷം 8 സംസ്ഥാനങ്ങളിൽ മാത്രമേ പൂർണതോതിൽ ഡിസിസി പുനഃസംഘടന നടന്നിട്ടുള്ളൂ. അതിനിടെ, തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിൽ മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ഡിസിസികളെ പൂർണമായും പിരിച്ചുവിടുകയും ചെയ്തു. ഉത്തർപ്രദേശിൽ കഴിഞ്ഞദിവസമാണു ഡിസിസി പുനഃസംഘടന നടത്തിയത്.2022 ഒക്ടോബറിലാണു ഖർഗെ അധ്യക്ഷപദവിയേറ്റെടുത്തത്. തൊട്ടടുത്ത 2 മാസങ്ങളിലായി പഞ്ചാബ്, ജാർഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളിൽ ഡിസിസികൾ പൂർണമായി ഉടച്ചുവാർത്തെങ്കിലും ഈ വേഗം പിന്നീടുണ്ടായില്ല. 2023ൽ ഫെബ്രുവരിയിൽ റായ്പുരിൽ നടന്ന എഐസിസി പ്ലീനറി സമ്മേളനത്തിലും സംഘടനാപരിഷ്കാരം ഗൗരവത്തോടെ ചർച്ച ചെയ്തെങ്കിലും ഡിസിസികളിലെ മാറ്റം തിരഞ്ഞെടുപ്പ് അടുത്ത ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങി. ഇതിനിടെ, എഐസിസിയിലും വിവിധ സംസ്ഥാനഘടകങ്ങളിലും നേരിയ മാറ്റം വന്നെങ്കിലും ഡിസിസികളിലെ സ്ഥിതി താഴെത്തട്ടിൽ പാർട്ടിയെ പ്രതികൂലമായി ബാധിച്ചു.
Source link