മാർപാപ്പ ആശുപത്രി വിട്ടെങ്കിലും വസതിയിൽ ചികിത്സ തുടരും

വത്തിക്കാൻ സിറ്റി: ലോകം മുഴുവൻ കാത്തിരുന്ന സന്തോഷവാർത്ത നൽകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മാർപാപ്പയെ ഡിസ്ചാർജ് ചെയ്യുന്ന വിവരം ശനിയാഴ്ച രാത്രി ജെമെല്ലി ആശുപത്രിയിൽ മാർപാപ്പയുടെ ചികിത്സാസംബന്ധമായ കാര്യങ്ങൾക്കു നേതൃത്വം നൽകിയ ഡോ. സെർജിയോ അൽഫിയേരി അറിയിച്ചത്. ശ്വാസകോശത്തിൽ കടുത്ത ന്യുമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ കുറവുണ്ടെങ്കിലും വത്തിക്കാനിലെ വസതിയായ സാന്താ മാർത്തായിലും മാർപാപ്പയുടെ ചികിത്സകൾ തുടരേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്വാസം നേരേയാകുന്നതിനും ശബ്ദം വീണ്ടെടുക്കുന്നതിനുമുള്ള വിവിധ പരിചരണങ്ങളും ശുശ്രൂഷകളും ഇനിയും തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു. ഫെബ്രുവരി 14നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായത് പലകുറി ആശങ്കകൾക്കിടയാക്കിയിരുന്നു. എങ്കിലും ചികിത്സയോടു നന്നായി പ്രതികരിച്ചത് ഡോക്ടർമാർക്കു പ്രതീക്ഷയേകി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടെങ്കിലും പതിവുപ്രാർഥനകൾ തുടർന്ന മാർപാപ്പ, സഭയുടെ അനുദിനകാര്യങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. ആശുപത്രിയിലായിരിക്കേ നിരവധി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. സിനഡാത്മക സഭയെക്കുറിച്ചു നടന്ന ചർച്ചകളിലും സമ്മേളനങ്ങളിലും ഉരുത്തിരിഞ്ഞ നിർദേശങ്ങൾ നടപ്പാക്കുന്നതിനായി അടുത്ത മൂന്നു വർഷത്തേക്കുള്ള കർമപദ്ധതി പ്രഖ്യാപിച്ച മാർപാപ്പ, 2028 ഒക്ടോബറിൽ ഈ നിർദേശങ്ങൾ നടപ്പാക്കിയതിനെക്കുറിച്ച് അവലോകനം ചെയ്യുന്നതിനായി സിനഡ് സമ്മേളനം വിളിച്ചുകൂട്ടാനുള്ള ഉത്തരവിൽ ഒപ്പുവച്ചത് ആശുപത്രിയിലായിരിക്കേയാണ്.
ഇതുകൂടാതെ, ചികിത്സയിൽ തുടരുന്പോഴും വിവിധ രൂപതകളിൽ മെത്രാന്മാരെ നിയമിച്ച മാർപാപ്പ ഏറ്റവുമൊടുവിൽ ശനിയാഴ്ച യൂറോപ്യൻ യൂണിയനിലേക്കുള്ള അപ്പസ്തോലിക് നുൺഷ്യോയായി ആർച്ച്ബിഷപ് ബെർണാർദിറ്റോ ഔസയെ നിയമിക്കുകയും ചെയ്തു. മാർപാപ്പയുടെ രോഗമുക്തിക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ എല്ലാദിവസവും വൈകുന്നേരം ജപമാല സമർപ്പണം നടന്നുവരുന്നുണ്ട്. ലോകമെങ്ങും ജാതി-മത ഭേദമെന്യേ മാർപാപ്പയുടെ രോഗമുക്തിക്കായി പ്രാർഥനകൾ ഉയർന്നിരുന്നു. മാർപാപ്പ ചികിത്സയിൽ കഴിഞ്ഞ ജെമെല്ലി ആശുപത്രിക്കുമുന്നിൽ കഴിഞ്ഞ 37 ദിവസവും എത്തി പ്രാർഥിച്ചവർ നിരവധിയാണ്. ഇതിലൊരാളായ കാർമല എന്ന വൃദ്ധസ്ത്രീ പതിവുപോലെ ഇന്നലെയും പൂക്കളുമായി എത്തിയിരുന്നു. ഇന്നലത്തെ തന്റെ സന്ദേശത്തിൽ ഈ സ്ത്രീയെ മാർപാപ്പ പ്രത്യേകം പരാമർശിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
Source link