വനിതാ എക്സൈസ് ഓഫീസർ, നിയമനമില്ലാതെ റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം: വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിന് പിന്നാലെ നിയമനമില്ലാതെ വനിതാ സിവിൽ എക്സൈസ് ഓഫീസറുടെ റാങ്ക് ലിസ്റ്റും വിടപറയാനൊരുങ്ങുന്നു. ഏപ്രിൽ 16ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ഇതുവരെ 33 പേർക്കാണ് നിയമനശുപാർശ അയച്ചത്. 506 പേരുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചതിൽ 7ശതമാനം പേരുടെ നിയമനമാണ് നടന്നത്. കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ വനിതാ റാങ്ക്പട്ടികയിൽനിന്ന് ഒരാൾക്കുപോലും ശുപാർശ ലഭിച്ചിട്ടില്ല.
സിവിൽ എക്സൈസ് ഓഫീസർ പുരുഷവിഭാഗം തസ്തികയിൽ റാങ്ക്പട്ടികയിൽ നിന്ന് 657 പേർക്ക് നിയമനശുപാർശ ലഭിച്ചിരുന്നു. 138 റേഞ്ച് ഓഫീസുകളിലും വനിത ഓഫീസർമാരുടെ എണ്ണം അഞ്ചിൽ താഴെയാണ്. സംസ്ഥാനത്തെ 69 സർക്കിൾ ഓഫീസുകളിലും എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിലും വനിതകളില്ല. സംസ്ഥാനത്ത് സ്ത്രീകൾ കാരിയർമാരായുള്ള ലഹരികടത്ത് വർദ്ധിക്കുമ്പോൾ എക്‌സൈസിൽ വനിതകളുടെ കുറവ് പ്രതിസന്ധിയാണ്. കഴിഞ്ഞ ദിവസം കൊല്ലത്ത് എം.ഡി.എം.എയുമായി യുവതി പിടിയിലായതിന് സമാനമായി നിരവധി ലഹരി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലഹരിക്കെതിരെയുള്ള ബോധവത്‌കരണ ലക്ഷ്യവുമായി എക്സൈസ് ഡിപ്പാർട്ട്മെന്റ് സ്കൂളുകളിലും കോളേജുകളിലും നടപ്പാക്കുന്ന ‘വിമുക്തി ‘ പരിപാടിയുടെ വിജയത്തിനും വനിതാ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം അത്യന്താപേഷിതമാണ്. ഇതൊക്കെയാണെങ്കിലും എക്സൈസിലെ വനിതകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് എക്സൈസ് കമ്മിഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചിട്ടുമില്ല.
Source link