ഗാസയിൽ മരണം 50,000 പിന്നിട്ടു

കയ്റോ: 2023 ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിനുശേഷം ഇസ്രേലി സേന ഗാസയിൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം അന്പതിനായിരം പിന്നിട്ടു. ഹമാസിന്റെ ഉന്നത നേതാവ് സലാ അൽ ബർദവീലും (66) ഇന്നലെ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റാഫാ പ്രദേശങ്ങളിലുണ്ടായ ഇസ്രേലി ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. ഇതോടെ മൊത്തം മരണസംഖ്യ 50,021 ആയി. ഇവരിൽ 17,000 പേർ കുട്ടികളാണ്. 1.13 ലക്ഷം പേർക്കാണു പരിക്കേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രേലി സേന വെടിനിർത്തൽ ലംഘിച്ച് ആക്രമണം പുനരാരംഭിച്ചശേഷം മാത്രം 673 പേർ ഗാസയിൽ കൊല്ലപ്പെട്ടു. യഹ്യ സിൻവർ അടക്കമുള്ള നേതാക്കൾ കൊല്ലപ്പെട്ടശേഷം ഹമാസിലെ ഏറ്റവും ഉയർന്ന നേതാവായി അറിയപ്പെട്ടിരുന്ന സലാ അൽ ബർദവീലും ഭാര്യയും ഖാൻ യൂനിസിലെ കൂടാരത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഹമാസ് പോളിറ്റ്ബ്യൂറോ അംഗമായിരുന്ന ഇയാൾ സംഘടനയുടെ രാഷ്ട്രീയവിഭാഗം നേതാവുമായിരുന്നു.
റാഫയിലും ഖാൻ യൂനിസിലും ഇസ്രേലി സേന ഉഗ്ര ആക്രമണമാണു നടത്തുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ഒന്നാംഘട്ട വെടിനിർത്തൽ നീട്ടാനുള്ള അമേരിക്കൻ പദ്ധതി ഹമാസ് അംഗീകരിക്കാത്തതിന്റെ പേരിലാണ് ഗാസയിൽ ആക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രയേൽ പറയുന്നു.
Source link