INDIALATEST NEWS

വഖഫ് ഭേദഗതി ബില്ലിൽ അവ്യക്തത; ജെപിസിയെ മറികടന്നു: കോൺഗ്രസ്


ന്യൂഡൽഹി ∙ രാജ്യത്തെ സാമൂഹിക ഐക്യം തകർക്കാനുള്ള ബിജെപിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണു സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വഖഫ് ഭേദഗതി ബില്ലെന്നു കോൺഗ്രസ് ആരോപിച്ചു. സമൂഹത്തിൽ മുൻവിധികൾ സൃഷ്ടിച്ചെടുത്ത് ന്യൂനപക്ഷ സമുദായങ്ങളെ പ്രാകൃതവൽക്കരിക്കാനുള്ള ശ്രമമാണു ബിജെപി നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്       പറഞ്ഞു.മതം പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും  തുല്യ അവകാശങ്ങളും സംരക്ഷണവും ഉറപ്പുനൽകുന്ന ഭരണഘടനാ വ്യവസ്ഥകളെ ദുർബലപ്പെടുത്തുകയാണു ബില്ലിന്റെ ഉദ്ദേശ്യം. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തെ ധ്രുവീകരിക്കാനായി ന്യൂനപക്ഷ സമുദായങ്ങളുടെ പാരമ്പര്യങ്ങളെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനാണു ശ്രമം. വഖഫ് ആവശ്യങ്ങൾക്കായി ആർക്കൊക്കെ അവരുടെ ഭൂമി ദാനം ചെയ്യാമെന്നു നിർണയിക്കുന്ന കാര്യത്തിൽ മനഃപൂർവം അവ്യക്തത സൃഷ്ടിച്ചിട്ടുണ്ട്. വഖഫ് ഭൂമി കയ്യേറിയവരെ സംരക്ഷിക്കാൻ നിയമത്തിൽ വകുപ്പുകൾ കൊണ്ടുവന്നു. ജെപിസിയെ മറികടന്നുള്ളതാണു വഖഫിന്റെ കാര്യത്തിൽ സർക്കാരിന്റെ നടപടികളെന്നും കോൺഗ്രസ് വിമർശിച്ചു.അതേസമയം, മുസ്‌ലിം വ്യക്തി നിയമ ബോർഡ് അടക്കമുള്ളവരുടെ എതിർപ്പുകളെ വിമർശിച്ച് വഖഫ് ജെപിസി അധ്യക്ഷൻ ജഗദംബികാ പാൽ രംഗത്തെത്തി. ബന്ധപ്പെട്ട എല്ലാ കക്ഷികളിൽ നിന്നും അഭിപ്രായം തേടിയാണ് റിപ്പോർട്ട് നൽകിയതെന്നും എല്ലാ ആശങ്കകളെയും പരിഹരിക്കുന്നതാകും ഭേദഗതി ബില്ലെന്നും അദ്ദേഹം പറഞ്ഞു. അരികുവൽക്കരിക്കപ്പെട്ടവർക്കു ഗുണമേകാനും കൂടുതൽ സുതാര്യത കൊണ്ടുവരാനും ഉദ്ദേശിച്ചുള്ളതാണു ബില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.


Source link

Related Articles

Back to top button