KERALAM

മൂന്ന് മക്കളെ വെടിവച്ച് കൊന്ന് ബിജെപി നേതാവ്, ഭാര്യ ഗുരുതരാവസ്ഥയില്‍ തുടരുന്നു

ലക്‌നൗ: സ്വന്തം കുടുംബത്തിന് നേരെ വെടിയുതിര്‍ത്ത് ബിജെപി ജില്ലാ നേതാവ്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കള്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഉത്തര്‍പ്രദേശിലെ ബിജെപി ജില്ലാ നേതാവാണ് ക്രൂരകൃത്യം ചെയ്തത്. സഹാറന്‍പൂര്‍ ജില്ലാ നിര്‍വാഹകസമിതി അംഗം യോഗേഷ് രോഹിലാണ് സ്വന്തം ഭാര്യയേയും മക്കളേയും വെടിവച്ചത്.

വെടിയേറ്റ രണ്ട് കുട്ടികള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഭാര്യയേയും മൂന്നാമത്തെ കുട്ടിയേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി ഇവിടെ വച്ച് മരണത്തിന് കീഴടങ്ങി. യോഗേഷിന്റെ ഭാര്യ നേഹയെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ജില്ലയിലെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് സേനയും സംഭവം നടന്ന സ്ഥലത്തുണ്ട്. വെടിവയ്പ്പിനുള്ള കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.വെടിവയ്പ്പിനെക്കുറിച്ച് രോഹില്‍ തന്നെയാണ് അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.

പൊലീസിനെ വിളിച്ച ശേഷം താന്‍ ഭാര്യയെയും കുട്ടിയെയും വെടിവച്ചതായി പ്രതി അറിയിക്കുകയായിരുന്നു. വെടിവയ്ക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രോഹിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. കുടുംബകലഹത്തിനൊടുവിലാണ് ബിജെപി നേതാവ് കൊച്ചുകുട്ടിയെ വരെ വെടിവച്ച് കൊന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തിന്റെ വിശദാംശങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.


Source link

Related Articles

Back to top button