തൊടുപുഴ: മുൻ ബിസിനസ് പങ്കാളി തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫിനെ (50) ദൃശ്യം മോഡലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെടും മുമ്പ് ബിജു ക്രൂരമർദനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഷൂ ലേസുകൊണ്ട് കൈകൾ ബന്ധിച്ചിരുന്നു. ക്രൂരമർദ്ദനത്തെത്തുടർന്ന് ബിജു രക്തം ഛർദ്ദിക്കുകയും ചെയ്തു. മുഖത്തും തലയിലും മർദ്ദനമേറ്റ പാടുകളുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് രാവിലെ ആരംഭിക്കും. കേസിൽ അറസ്റ്റിലായ പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതികളെ അറസ്റ്റുചെയ്തെങ്കിലും ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതികൾ കടത്തിക്കൊണ്ടുപോയെന്ന് കരുതുന്ന ബിജുവിന്റെ ഇരുചക്രവാഹനവും കണ്ടെത്തേണ്ടതുണ്ട്. ഈ തെളിവുകൾക്കായി പൊലീസ് പരിശോധന തുടരുകയാണ്.
ഇന്നലെയാണ് ബിജു ജോസഫിന്റെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെടുത്തത്. കേറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിലേയ്ക്കുള്ള മാൻഹോളിൽ തള്ളി കോൺക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. തൊടുപുഴ കലയന്താനിക്ക് സമീപം ചെത്തിമറ്റത്താണ് സംഭവം.
ബിജുവിന്റെ ഈവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ പങ്കാളിയായിരുന്ന ദേവമാതാ കേറ്ററിംഗ് സ്ഥാപന ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫാണ് (51) സംഭവത്തിനു പിന്നിൽ. ആസ്തി പങ്കിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. ജോമോനെയും ക്വട്ടേഷൻ സംഘാംഗങ്ങളായ എറണാകുളം ഇടമനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂർ ചെറുപുഴ കളരിക്കൽ ജോമിൻ കുര്യൻ (25) എന്നിവരെയും അറസ്റ്റ് ചെയ്തു.കാപ്പാ കേസ് പ്രതിയായ ആഷിക് ജോൺസനെ (27) ഈ സംഭവത്തിനുശേഷം അറസ്റ്റ് ചെയ്തെങ്കിലും ഇതിൽ പങ്കാളിയാണെന്ന് പിന്നീടാണ് അറിഞ്ഞത്.
വ്യാഴാഴ്ച പുലർച്ചെ 4.45ന് പുറത്തേക്ക് പോയതായിരുന്നു ബിജു. കോലാനിക്ക് സമീപംവച്ച് ഓംനി വാനിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.വെള്ളിയാഴ്ചയാണ് ബിജുവിനെ കാണാനില്ലെന്ന് ഭാര്യ പരാതി നൽകിയത്. വാനിൽ നിലവിളി കേട്ടതായി സമീപവാസികൾ പൊലീസിനെ അറിയിച്ചിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് ഇരുപത് കിലോമീറ്റർ അകലെയുള്ള കലയന്താനി ചെത്തിമറ്റത്ത് എത്തി.അവിടെയാണ് ജോമോന്റെ ഗോഡൗൺ. ഇവരുടെ തർക്കം അറിയാവുന്നതിനാൽ വെട്ടിമറ്റത്തുള്ള ജോമോന്റെ വീട്ടിലെത്തി.ഒരു പ്രശ്നത്തിൽപെട്ടെന്ന് പറഞ്ഞ് 25,000 രൂപ കടം വാങ്ങി പാേയതായി സഹോദരൻ വെളിപ്പെടുത്തി. ഫോൺ ലോക്കേറ്റ് ചെയ്താണ് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ജോമോനെ പിടികൂടി.തുടർന്ന് മറ്റു പ്രതികളെയും പിടികൂടുകയായിരുന്നു.
Source link