അമ്മയും അനുജനും തെണ്ടുന്നത് കാണാതിരിക്കാനാണ് കൊന്നതെന്ന് അഫാൻ, കൂട്ടക്കാെലപാതകത്തിന്റെ തലേന്ന് 200 രൂപ കടം വാങ്ങി

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം വൻ സാമ്പത്തിക ബാദ്ധ്യതമാത്രമാണെന്ന് ഉറപ്പിച്ച് പൊലീസ്. കൈയിൽ ഒരുരൂപപോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു അഫാനും ഉമ്മയും. കൂട്ടക്കൊല നടക്കുന്നതിന്റെ തലേദിവസവും അഫാൻ പെൺസുഹൃത്തിൽ നിന്ന് 200 രൂപ കടം വാങ്ങിയിരുന്നു. ഇതിൽ നിന്ന് 100 രൂപയ്ക്ക് ബൈക്കിൽ പെട്രോൾ അടിച്ചശേഷമാണ് ഉമ്മയും മകനും ബന്ധുവീട്ടിൽ കടം ചോദിക്കാൻ പോയത്. ബാക്കിയുണ്ടായിരുന്ന 100 രൂപകൊണ്ട് ഇരുവരും ഒരു കടയിൽ കയറി ദോശകഴിക്കുകയും ചെയ്തു.
കൊല നടന്ന ദിവസം കടംവാങ്ങിയ 50,000 രൂപ തിരികെ കൊടുക്കാനുണ്ടായിരുന്നു. കടക്കാർ എത്തുന്നതിന് മുമ്പാണ് കൊലപാതകങ്ങൾ നടത്തിയതെന്നും അഫാൻ പൊലീസിന് മൊഴി നൽകി. ഉമ്മയും അനുജനും തെണ്ടുന്നത് കാണാൻ കഴിയാത്തതിനാലാണ് അവരെ കൊന്നതെന്നും അഫാൻ പൊലീസിനോട് പറഞ്ഞു.
അഫാന്റെയും ഉമ്മയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് വൻ സാമ്പത്തിക ബാദ്ധ്യതയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വൻ കടം കൊടുത്തുതീർക്കാൻ ഉണ്ടായിരുന്നപ്പോഴും അഫാൻ രണ്ടുലക്ഷം രൂപയ്ക്ക് ബൈക്ക് വാങ്ങിയിരുന്നു. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
അഫാനെയും പിതാവ് റഹീമിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. അഫാനെ കണ്ടപ്പോൾ എല്ലാം തകർത്തുകളഞ്ഞില്ലേയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് റഹിം ചോദിച്ചു. അപ്പോഴാണ് അനുജനും ഉമ്മയും തെണ്ടുന്നത് കാണാതിരിക്കാൻ വേണ്ടിയാണ് അവരെ കൊന്നതെന്ന് അഫാൻ പറഞ്ഞത്.
Source link