KERALAM

കൊലക്കേസ് പ്രതികൾക്ക് ഭക്ഷണം വേണ്ട, പകരം മയക്കുമരുന്ന് മതി; ‘എനിക്ക് മോർഫിൻ കുത്തിവയ്‌പ്പ് തരൂ’ എന്ന് യുവതി

മീററ്റ്: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവ് സൗരവ് രജ്‌‌‌പുത്തിനെ വെട്ടിനുറുക്കി വീപ്പയിലിട്ട് കോൺക്രീറ്റുചെയ്ത കേസിൽ അറസ്റ്റിലായ മുസ്‌കാൻ റസ്തഗിയും കാമുകൻ സാഹിൽ ശുക്ളയും ലഹരിക്കുവേണ്ടി ജയിലിൽ സംഘർഷമുണ്ടാക്കുന്നതായി റിപ്പോർട്ട്. ഭക്ഷണം വേണ്ടെന്നും പകരം ലഹരിവേണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ലഹരികിട്ടാത്ത അവസ്ഥയിൽ ഇവർ ജീവനൊടുക്കാനോ, സ്വയം മുറിവേൽപ്പിക്കാനോ ഉളള സാഹചര്യം ഒഴിവാക്കാൻ കനത്ത സുരക്ഷയിലാണ് മീററ്റിലെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. തങ്ങളെ അടുത്തടുത്ത് താമസിപ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും അധികൃതർ അതെല്ലാം തള്ളുകയായിരുന്നു.

തനിക്ക് മോർഫിൻ കുത്തിവയ്പ്പ് വേണമെന്നാണ് മുസ്‌കാൻ ആവശ്യപ്പെടുന്നത്. എന്നാൽ സാഹിലിന് കഞ്ചാവ് മതി. ലഹരികിട്ടാത്തതിനാൽ സെല്ലിന്റെ ഒരുമൂലയിൽ മുസ്‌കാൻ മിക്കപ്പോഴും ആരോടും ഒന്നും മിണ്ടാതെ ഇരിക്കുകയാണെന്നാണ് ജയിൽ അധികൃതർ പറയുന്നത് . സാഹിൽ ലഹരികിട്ടാത്തതിന്റെ കടുത്ത അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ട്. ലഹരിവിമുക്തകേന്ദ്രത്തിലെ വിദഗ്ദ്ധരും ഡോക്ടർമാരും ഇവരെ പരിശോധിക്കുകയും മരുന്ന് നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതൊന്നും ഇവർ കഴിക്കാൻ കൂട്ടാക്കുന്നില്ല. ലഹരി കിട്ടാത്തതിനാൽ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്തത് സ്വാഭാവികമാണെന്നും രക്തപരിശോധനയിൽ ഇരുവരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് വ്യക്തമായിട്ടുണ്ടെന്നുമാണ് ജയിൽ അധികൃതർ പറയുന്നത്.

മകളുടെ പിറന്നാൾ ആഘോഷിക്കാൻ അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ സൗരഭിനെ കാമുകൻ സാഹിലിന്റെ സഹായത്തോടെ മുസ്‌കാൻ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ശരീരം കഷണങ്ങളാക്കി വെട്ടിമുറിച്ച് ഒരു വീപ്പയിൽ തള്ളുകയും അത് കോൺക്രീറ്റുകൊണ്ട് മൂടുകയും ചെയ്തു. തുടർന്ന് സൗരഭ് യാത്രയിലാണെന്ന് ബന്ധുക്കളെയും മറ്റും വിശ്വസിപ്പിക്കാനും ശ്രമിച്ചു.എന്നാൽ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം വെളിച്ചത്തുവന്നതും പ്രതികൾ പിടിയിലായതും. ചോദ്യംചെയ്യലിൽ തങ്ങളാണ് കൊലപാതകം നടത്തിയതെന്ന് ഇരുവരും സമ്മതിച്ചു. ഭർത്താവ് നാട്ടിലെത്തിയാൽ ലഹരി ഉപയോഗിക്കാൻ കഴിയില്ലെന്ന് കരുതിയാണ് കൊല നടത്തിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

സൗരഭും മുസ്‌കാൻ ഏറെ നാൾ പ്രണയിച്ചശേഷമാണ് വിവാഹം കഴിച്ചത്. മുസ്‌കാനുവേണ്ടി സ്വന്തം ബന്ധുക്കളെയും ജോലിയും ഉപേക്ഷിക്കാൻ പോലും സൗരഭ് തയ്യാറായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് മുസ്‌കാൻ ലഹരിക്ക് അടിമയാണെന്നും സാഹിലുമായി പ്രണയത്തിലാണെന്നും മനസിലായി. ഇതേത്തുടർന്ന് വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും അപ്പോഴേക്കും മുസ്‌കാൻ മകൾക്ക് ജന്മം നൽകിയിരുന്നു. ഇതോടെ മകളുടെ ഭാവിയെക്കരുതി വിവാഹമോചനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.


Source link

Related Articles

Back to top button