സ്ത്രീയുടെ കഴുത്തിന് പിടിച്ച് കടലാസുകൾ മുഖത്തേക്ക് വലിച്ചെറിഞ്ഞ് പാസ്റ്റർ ബജീന്ദർ സിങ്; വീണ്ടും വിവാദം– വിഡിയോ

ന്യൂഡൽഹി∙ പഞ്ചാബിൽ നിന്നുള്ള സ്വയം പ്രഖ്യാപിത പ്രസംഗകനും പാസ്റ്ററുമായ ബജീന്ദർ സിങ് സ്ത്രീയെ ആക്രമിക്കുന്ന വിഡിയോ പുറത്ത്. ലൈംഗിക പീഡന കേസിൽ കുടുങ്ങിയിരിക്കെയാണ് ബജീന്ദറിന്റെ മറ്റൊരു വിവാദ വിഡിയോ കൂടി പുറത്തു വന്നത്. ബജീന്ദർ സ്ത്രീയെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ഓഫിസിൽ കുട്ടിയുമായി ഇരിക്കുന്ന സ്ത്രീയുടെ നേര്‍ക്ക് ബജീന്ദർ കടലാസുകൾ വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇതു ചോദ്യം ചെയ്ത സ്ത്രീയെ ബജീന്ദർ ആക്രമിക്കുകയും കഴുത്തിന് പിടിക്കുകയുമായിരുന്നു. തുടർന്ന് ബജീന്ദർ സ്ത്രീയെ തള്ളിയിട്ടു. മറ്റുള്ളവർ നോക്കിനിൽക്കെയാണ് വിവാദ പാസ്റ്ററിന്റെ പ്രവർത്തി.ദശലക്ഷകണക്കിന് അനുയായികളുള്ള പാസ്റ്ററിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ പഞ്ചാബ് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28നാണ് 42കാരനായ ബിജേന്ദർ സിങ്ങിനെതിരെ കപൂർത്തല സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. 22കാരിയുടെ പരാതിയിലായിരുന്നു കേസ്. ജലന്ധറിലെ താജ്‌പുർ ഗ്രാമത്തിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗ്ലോറി ആൻഡ് വിസ്ഡത്തിൻറെ തലവനായ ബിജേന്ദർ സിങിനെതിരെ ലൈംഗിക പീഡനം, പിന്തുടരൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.17 വയസുള്ളപ്പോഴാണ് താൻ ആദ്യമായി ബിജേന്ദറിന്റെ പള്ളിയിൽ പോകാൻ തുടങ്ങിയതെന്നും വർഷങ്ങളായി ലൈംഗിക പീഡനത്തിന് ഇരയായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ മൊബൈൽ വാങ്ങി പാസ്റ്റർ മെസജുകൾ അയയ്ക്കുക പതിവായിരുന്നു. 2022 മുതലാണ് ഇയാൾ യുവതിയെ പീഡനത്തിന് ഇരയാക്കാൻ തുടങ്ങിയത്. ഞായറാഴ്ചകളിൽ യുവതിയെ പള്ളിയിലെ ക്യാബിനിൽ ഒറ്റയ്ക്കു വിളിച്ചുവരുത്തി കെട്ടിപ്പിടിക്കുകയും സ്പർശിക്കുകയും ചെയ്തതായി പരാതിക്കാരി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. അത്ഭുത രോഗശാന്തി നൽകുമെന്ന് സ്വയം അവകാശപ്പെടുന്ന ഇയാൾക്ക് ലോകമെമ്പാടുമുള്ള 260 പള്ളികളുടെ അധ്യക്ഷനാണെന്നാണ് സ്വയം അവകാശപ്പെടുന്നത്.
Source link