‘ഇനി കൂടുതൽ ശക്തൻ, സംസ്ഥാന സമ്മേളനത്തിൽ അസാന്നിധ്യം സാന്നിധ്യമാകും; ആത്മകഥയിൽ എല്ലാം തുറന്നെഴുതും’

കോട്ടയം ∙ സിപിഐ സംസ്ഥാന സമ്മേളനങ്ങളിലെ ശ്രദ്ധാ കേന്ദ്രമായ കെ.ഇ.ഇസ്മായിൽ ഇത്തവണ പടിക്ക് പുറത്ത്. കെ.ഇ.ഇസ്മായിലിനെതിരായ പാർട്ടി നടപടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം 24നു സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. ഏപ്രിൽ 10,11 തീയതികളിൽ ചേരുന്ന കൗൺസിൽ അംഗീകരിക്കുന്നതോടെ ഇസ്മായിലിന്റെ സസ്പെൻഷൻ പ്രാബല്യത്തിൽ വരും. ഇതോടെ സംസ്ഥാന സമ്മേളനത്തിലും പാർട്ടി കോൺഗ്രസിലും പങ്കെടുക്കാനാവില്ല. സംസ്ഥാന സമ്മേളനത്തിലോ പാർട്ടി കോൺഗ്രസിലോ ക്ഷണിതാവായി പങ്കെടുക്കാൻ കഴിയുമെന്നാണ് ഇസ്മായിൽ കരുതിയിരുന്നത്. ഒക്ടോബർ പകുതിയോടെയാകും സസ്പെൻഷൻ കാലാവധി അവസാനിക്കുക. സെപ്റ്റംബർ 9 മുതൽ 12 വരെ ആലപ്പുഴയിലാണ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം. സെപ്റ്റംബർ 21 മുതൽ 25 വരെ ചണ്ഡീഗഡിലാണ് പാർട്ടി കോൺഗ്രസ്. പാർട്ടി സമ്മേളനങ്ങളിൽനിന്ന് ഇസ്മായിലിന്റെ സാന്നിധ്യം ഒഴിവാക്കാനാണ് സസ്പെൻഷൻ നടപടിയെന്നു വ്യാഖ്യാനിക്കുകയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ. സസ്പെൻഷൻ കാലയളവിലെ ഇസ്മായിലിന്റെ പെരുമാറ്റം അനുസരിച്ചാകും നടപടി നീട്ടണമോ വേണ്ടയോ എന്നു തീരുമാനിക്കുക. ക്ഷണിതാവായി എത്തിയാലും ഇസ്മായിലിന്റെ സാന്നിധ്യം സമ്മേളനത്തിൽ ഭയക്കുന്നവരുണ്ടെന്നും അവരാണ് നടപടിക്കു പിന്നിലെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇസ്മായിലിന്റെ മറുപടി ഇങ്ങനെ ‘‘നടപടിക്ക് വിധേയനായ കെ.ഇ.ഇസ്മായിലാകും നടപടിക്കു വിധേയനാകാത്ത കെ.ഇ.ഇസ്മായിലിനെക്കാൾ കൂടുതൽ ശക്തൻ. അതുകൊണ്ട് എന്റെ അസാന്നിധ്യമാകും സാന്നിധ്യമായി സഖാക്കൾക്ക് ബോധ്യമാവുക. നടപടിയൊന്നും ഒരു പ്രശ്നമല്ല. വേറൊരു തരത്തിൽ ഞാൻ സാദാ അംഗമല്ലേ. എനിക്ക് 85 വയസ്സായി. 75 വയസ്സു കഴിഞ്ഞവരെ ചുമതലകളിൽ നിന്നൊക്കെ മാറ്റി. അങ്ങനെയാണ് ദേശീയ എക്സിക്യൂട്ടീവിൽ നിന്നൊക്കെ ഞാൻ ഒഴിവായത്. ഇപ്പോൾ ഞാൻ സാദാ അംഗമാണ്. അങ്ങനെയുള്ളവർക്ക് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ പറ്റില്ല. ഞാൻ തിരഞ്ഞെടുത്ത പ്രതിനിധി അല്ലല്ലോ’’ – ഇസ്മായിൽ പറഞ്ഞു.
Source link