KERALAM

‘ചെയ്ത‌തെല്ലാം തെറ്റായിപ്പോയി, എനിക്ക് മാതാപിതാക്കളെ കാണണം’: ആഗ്രഹം പ്രകടിപ്പിച്ച് അഫാൻ

തിരുവനന്തപുരം: മാതാപിതാക്കളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ. തനിക്ക് തെറ്റുപറ്റിപ്പോയെന്നും അഫാൻ ഉദ്യോഗസ്ഥരോട് പറഞ്ഞെന്നാണ് റിപ്പോർട്ട്. തെളിവെടുപ്പിനും ചോദ്യംചെയ്യലിനും ശേഷം ഇപ്പോൾ ജയിലിലാണ് അഫാൻ. നേരത്തേ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ അതില്ലെന്നാണ് അധികൃതർ പറയുന്നത്. എങ്കിലും പ്രത്യേക ബ്ലോക്കിലെ നിരീക്ഷണം തുടരും.

അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം വൻ സാമ്പത്തിക ബാദ്ധ്യതമാത്രമാണെന്ന് പൊലീസ് ഉറപ്പിച്ചിരിക്കുകയാണ്. അഫാന്റെയും ഉമ്മയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് വൻ സാമ്പത്തിക ബാദ്ധ്യതയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വൻതുക കടം കൊടുത്തുതീർക്കാൻ ഉണ്ടായിരുന്നപ്പോഴും അഫാൻ രണ്ടുലക്ഷം രൂപയ്ക്ക് ബൈക്ക് വാങ്ങിയിരുന്നു. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

കൈയിൽ ഒരുരൂപപോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു അഫാനും ഉമ്മയും. കൂട്ടക്കൊല നടക്കുന്നതിന്റെ തലേദിവസവും അഫാൻ പെൺസുഹൃത്തിൽ നിന്ന് 200 രൂപ കടം വാങ്ങിയിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. അഫാനെയും പിതാവ് റഹീമിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. അഫാനെ കണ്ടപ്പോൾ എല്ലാം തകർത്തുകളഞ്ഞില്ലേയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് റഹിം ചോദിച്ചു. അനുജനും ഉമ്മയും തെണ്ടുന്നത് കാണാതിരിക്കാൻ വേണ്ടിയാണ് ക്രൂരത ചെയ്തതെന്നാണ് അഫാൻ പറഞ്ഞത്.

ഇക്കഴിഞ്ഞ ഫെബ്രുരി 24നായിരുന്നു കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. സഹോദരനും കാമുകിയും അടുത്ത ബന്ധുക്കളും അടക്കം അഞ്ചുപേരെയാണ് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. മാതാവിനെ മാരകമായി ആക്രമിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. കൊലപാതകങ്ങൾക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി വിവരമറിയിക്കുകയായിരുന്നു.


Source link

Related Articles

Back to top button