കാപ്പ കേസ് പ്രതിയെ പൊക്കിയിട്ടും കൊലപാതകം അറിഞ്ഞില്ല

തൊടുപുഴ: ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയിൽ കുഴിച്ചിടുന്ന സമയം പൊലീസ് എത്തിയിരുന്നതായി റിപ്പോർട്ട്. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട എറണാകുളം പറവൂർ സ്വദേശിയായ കാപ്പ കേസ് പ്രതി ആഷിക് ജോൺസനെ പിടികൂടുന്നതിനാണ് പൊലീസ് എത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി കലയന്താനി ചെലവ് റോഡിലെ ഗോഡൗണിന് മുന്നിൽ നിന്ന് പറവൂർ വടക്കേക്കര പൊലീസ് ഇയാളെ പിടികൂടിയിരുന്നു. ഇയാളെ പിടികൂടുന്ന സമയം ഗോഡൗണിന് ഉള്ളിലെ മാലിന്യക്കുഴിയിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു മറ്റുള്ളവർ. ഈ സമയം മൊബൈൽ ഫോൺ ആഷിക് ഓണാക്കിയതാണ് പൊലീസിന് സഹായകമായത്. പ്രതിയെ പിടികൂടി എറണാകുളത്തേക്ക് കൊണ്ടുപോയെങ്കിലും കൊലപാതകത്തെ സംബന്ധിച്ച സൂചന ലഭിച്ചില്ല. പിന്നീട് വെള്ളിയാഴ്ച പരാതി ലഭിക്കുകയും മുഖ്യപ്രതി ജോമോൻ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെയാണ് ഇയാളുടെ പങ്കും വ്യക്തമായത്.
മൃതദേഹം കുഴിച്ചിട്ട ഗോഡൗൺ അധികം ആൾതാമസമില്ലാത്ത പ്രദേശമാണ്. ഇടയ്ക്കിടെ മദ്യപാനവും ബഹളവും നടന്നിരുന്നതിനാൽ സമീപത്തെ ഏതാനും വീടുകളിൽ ഉള്ളവരും ഇങ്ങോട്ട് ശ്രദ്ധിക്കാറില്ലായിരുന്നു. ഗോഡൗണിന് പിറകിൽ ചെറിയ റബർ തോട്ടവുമാണ്. മൃതദേഹം കൊണ്ടുവരുന്നതോ കുഴിച്ചിടുന്നതോ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കാറ്ററിംഗ് ആവശ്യങ്ങൾക്ക് സാധനം എടുക്കാൻ വരുന്നതിനാൽ വാഹനങ്ങൾ വന്നുപോകുന്നതും ശ്രദ്ധിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
Source link