ദൃശ്യം മോഡൽ കൊലയിൽ ഞെട്ടി കലയന്താനി
തൊടുപുഴ: കൃഷിക്കാരായ സാധാരണക്കാർ അധിവസിക്കുന്ന കലയന്താനി ഗ്രാമം ഇന്നലെ അതിക്രൂരമായ ദൃശ്യം സിനിമാ മോഡൽ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ഉണർന്നത്. ഇന്നലെ രാവിലെയോടെയാണ് രണ്ട് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിനെ കലയന്താനിയിൽ നിന്ന് സമീപപ്രദേട്ടമായ ചെലവിലേക്ക് പോകുന്ന റോഡരികിലെ ദേവ മാതാ കാറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണിൽ കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടെന്ന വിവരം പുറംലോകം അറിയുന്നത്.
=സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് നിമിഷ നേരത്തിനുള്ളിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനം ഇവിടെ തടിച്ചുകൂടി.
ദേവമാതാ കാറ്ററിംഗ് ഉടമ ജോമോനെയും കൊല്ലപ്പെട്ട ബിജു ജോസഫിനെയും വർഷങ്ങളായി അറിയുന്നവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. വിവരമറിഞ്ഞ് മാദ്ധ്യമപ്പടയും സ്ഥലത്തെത്തി. ഗോഡൗണിന് സമീപം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും മഫ്തിയിൽ പൊലീസുമുണ്ടായിരുന്നു. 12 മണിയോടെ ജില്ലാ പൊലീസ് മേധാവിയുടെയും തൊടുപുഴ ഡിവൈ.എസ്.പിയുടെയും നേതൃത്വത്തിൽ വൻ പൊലീസ് സംഘവും ഫോറൻസിക് സംഘവും ആർ.ഡി.ഒയും സ്ഥലത്തെത്തി. കസ്റ്റഡിയിലുണ്ടായിരുന്ന കാറ്ററിംഗ് സ്ഥാപന ഉടമ ജോമോനെയും വിലങ്ങണിയിച്ച് പൊലീസ് സ്ഥലത്തെത്തിച്ചിരുന്നു. മൃതദേഹം കുഴിച്ചിട്ടെന്ന് ജോമോൻ മൊഴി നൽകിയ ഗോഡൗണിനുള്ളിലെ മാലിന്യപൈപ്പിന്റെ മാൻഹോളിന് സമീപത്തേക്ക് സംഘം നീങ്ങി. മാദ്ധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും ഇവിടേക്ക് പ്രവേശിക്കുന്നത് പൊലീസ് വിലക്കി. കോൺക്രീറ്റ് ചെയ്ത മാൻഹോളിന് മുകളിലെ സ്ലാബ് പൊലീസ് നിയോഗിച്ച തൊഴിലാളികളുടെ നേതൃത്വത്തിൽ പൊളിക്കാൻ ശ്രമിച്ചു.
സ്ലാബ് മാറ്റി നോക്കിയപ്പോൾ, അഞ്ച് അടിയോളം താഴ്ചയുള്ള മാൻഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിൽ തള്ളികയറ്റിയ നിലയിലായിരുന്നു മൃതദേഹം. രണ്ട് ദിവസത്തെ പഴക്കം കാരണം ചീർത്ത മൃതശരീരം പുറത്തെടുക്കാൻ തൊഴിലാളികൾക്കായില്ല. തുടർന്ന് പൊലീസ് അറിയിച്ചതനുസരിച്ച് ഫയർ ആന്റ് റസ്ക്യൂ വിഭാഗം സ്ഥലത്തെത്തി മാൻഹോളിലിറങ്ങി കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് പൊളിച്ച് മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒന്നരയോടെ മാൻഹോൾ പുറത്തേക്ക് പോകുന്ന വശത്തെ കെട്ടിടത്തിന്റെ ഒരു ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കി. ഈ സമയം മൃതദേഹത്തിന്റെ രൂക്ഷമായ ഗന്ധം വന്നുതുടങ്ങിയിരുന്നു. ഇതിനിടെ കനത്ത മഴ പെയ്തത് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തെ പ്രതികൂലമായി ബാധിച്ചു. കനത്ത മഴയെ അവഗണിച്ച് നാല് തൊഴിലാളികൾ മാൻഹോളിലൂടെ ഉള്ളിൽ കടന്ന് മൃതദേഹം വളരെ ബുദ്ധിമുട്ടി പുറത്തെത്തിക്കുകയായിരുന്നു.
=തൊടുപുഴ കുമ്പംകല്ല് സ്വദേശി ഷാജി തേക്കുംകാട്ടിലിന്റെ നേതൃത്വത്തിൽ ഹനീഫ, മാഹിൻ, സതീശ് എന്നിവരാണ് ഈ സാഹസികമായ ജോലി ചെയ്തത്. അപ്പോഴേക്കും സമയം മൂന്ന് മണിയായി. തുടർന്ന് മൃതദേഹം കാറ്ററിംഗ് സ്ഥാപനത്തിനുള്ളിലേക്ക് മാറ്റി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Source link